ടോട്ടൽ ഹാപ്പി

Friday 23 May 2025 12:21 AM IST
totenham

യൂറോപ്പ ലീഗ് ഫുട്ബാൾ കിരീ‌ടം ടോട്ടൻഹാമിന്

ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0ത്തിന് കീഴടക്കി

17 വർഷത്തിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ കിരീടം

ബിൽബാവോ : ഒരു കിരീടം തേടിയുള്ള ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ടോട്ടൻഹാമിന്റെ 17 വർഷത്തെ കാത്തിരിപ്പിന് സ്പെയ്നിലെ ബിൽബാവോയിൽ ശുഭപര്യവസാനം. കഴിഞ്ഞരാത്രി നടന്ന യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിൽ സ്വന്തം നാട്ടുകാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടൻഹാം 2008ലെ ഫുട്ബാൾ ലീഗ് കപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്. 44-ാം മിനിട്ടിൽ വേയ്ൽസുകാരനായ വിംഗർ ബ്രെണ്ണൻ ജോൺസനാണ് ടോട്ടൻഹാമിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിലുടനീളം ആക്രമിച്ചുകളിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നെങ്കിലും വിജയിക്കാനുള്ള യോഗം ടോട്ടൻഹാമിനായിരുന്നു. 26 ശതമാനം സമയം മാത്രമാണ് ടോട്ടൻഹാമിന്റെ പക്കൽ പന്തുണ്ടായിരുന്നത്. മറുവശത്ത് 74 ശതമാനം സമയവും പന്ത് കാലിലുണ്ടായിട്ടും 16 ഷോട്ടുകളിൽ ആറെണ്ണവും ലക്ഷ്യത്തിനുനേർക്കായിരുന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോളടിക്കാനായില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അപ്രതീക്ഷിതമായി മുന്നിലെത്തിയ ടോട്ടൻഹാം രണ്ടാം പകുതിയിൽ പ്രതിരോധക്കോട്ടകെട്ടി മാഞ്ചസ്റ്ററുകാരെ അകറ്റിനിറുത്തുകയായിരുന്നു.

അവസാനസമയത്ത് റാസ്മസ് ഹോയ്‌ലൻഡിന്റെ ഒരു ശ്രമം ടോട്ടൻഹാമിന്റെ വലയ്ക്കുള്ളിൽ കയറിയെന്ന് തോന്നിപ്പിച്ചെങ്കിലും ഡിഫൻഡർ മിക്കി വാൻ ഡി വാനിന്റെ ഒരു ഗോൾലൈൻ സേവ് മാഞ്ചസ്റ്ററിന്റെ വഴി മുടക്കി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ലൂക്ക് ഷായുടെ ഒരു ഹെഡർ ടോട്ടൻഹാം ഗോളി ഗ്വിലെർമോ വികാരിയോ സേവ് ചെയ്തതോടെ ടോട്ടൻഹാമിന് മുന്നിൽ ചരിത്രം വഴിമാറി.

ഇരുപാദങ്ങളിലായി നടന്ന സെമിഫൈനലിൽ സ്പെയ്ൻകാരായ അത്‌ലറ്റിക് ക്ളബിനെ 7-0 എന്ന ആകെ ഗോൾ മാർജിനിൽ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിലെത്തിയത്. ടോട്ടൻഹാം സെമിയുടെ ആദ്യപാദത്തിൽ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിമിറ്റിനെ 3-1നും രണ്ടാം പാദത്തിൽ 2-0ത്തിനും തോൽപ്പിച്ചിരുന്നു.

3

ഇത് മൂന്നാം തവണയാണ് ടോട്ടൻഹാം യൂറോപ്പിലെ രണ്ടാം ഡിവിഷൻ ജേതാക്കളാകുന്നത്. ഇതിന് മുമ്പ് 1971-72 സീസണിലും 1983-84 സീസണിലും സെക്കൻഡ് ഡിവിഷൻ ജേതാക്കളായിട്ടുണ്ട്.യൂറോപ്പ ലീഗ് എന്ന് പേരുമാറ്റിയശേഷമുള്ള ആദ്യ കിരീ‌ടം.

2008ലെ ഇംഗ്ളീഷ് ഫുട്ബാൾ ലീഗ് കപ്പിലാണ് ഇതിന് മുമ്പ് ടോട്ടൻഹാം ചാമ്പ്യന്മാരായത്.

2016 ലെ യൂറോപ്പ ലീഗ് ജേതാക്കളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

35

വർഷത്തിന് ഇ‌ടയിൽ രണ്ടാം തവണമാത്രമാണ് മാഞ്ചസ്റ്ററിന് ഒരു കിരീടം പോലും നേടാൻ കഴിയാതെ സീസൺ അവസാനിപ്പിക്കേണ്ടിവരുന്നത്.

മറക്കാം ,പ്രിമിയർ

ലീഗിലെ നാണക്കേട്

പ്രിമിയർ ലീഗിൽ ഇത്തവണ ആദ്യ 15 സ്ഥാനത്തിനുള്ളിലെത്താൻ ടോട്ടൻഹാമിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും കഴിഞ്ഞിരുന്നില്ല.പ്രിമിയർ ലീഗിൽ ഇതുവരെ നടന്ന 37 മത്സരങ്ങളിൽ 11 മത്സരം മാത്രം ജയിച്ച് 38 പോയിന്റ് നേടാനായ ടോട്ടൻഹാം 17-ാം സ്ഥാനത്താണ്. 10 എണ്ണത്തിൽ ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 39 പോയിന്റുമായി 16-ാം സ്ഥാനത്താണ്. ഞായറാഴ്ച ഇരുടീമുകൾക്കും ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.

വിജയഗോൾ വന്ന വഴി

1-0

42-ാം മിനിട്ട്

ബ്രെണ്ണൻ ജോൺസൺ

ബെന്റാൻകറിൽ നിന്ന് ലഭിച്ച പന്തുമായി ഇടതുവിംഗിലൂടെ മുന്നേറിയ പെപെ മത്തർ സാർ നൽകിയ ക്രോസ് രണ്ട് ഡിഫൻഡർമാർക്കിടയിൽ നിന്ന് കണക്ട് ചെയ്യാൻ ബ്രെണ്ണൻ ശ്രമിച്ചെങ്കിലും കാലിൽതട്ടി പിറകിലേക്കാണ് പോയത്. പക്ഷേ പിറകിൽ നിന്ന ഡിഫൻഡർ ലൂക്ക് ഷായുടെ കാലിൽതട്ടി പന്ത് പോസ്റ്റിലേക്ക് നീങ്ങി. മാഞ്ചസ്റ്റർ ഗോളി ഒനാന ഡൈവ് ചെയ്യുമ്പോൾ പന്ത് വീണ്ടും മുന്നോട്ടുതട്ടി വലയിലാക്കാനുള്ള ബ്രെണ്ണന്റെ ശ്രമം വിജയിച്ചു.

ക്യാപ്ടൻ സണ്ണിന് സന്തോഷം

വർഷങ്ങളായി ഒരു കിരീ‌ടത്തിൽ മുത്തമിടാനാകാത്തതിന്റെ സങ്കടത്തിൽ ടോട്ടൻഹാമിന്റെ ക്യാപ്ടൻസി വിട്ട് ബയേൺ മ്യൂണിക്കിലേക്ക് പോയി അവിടെ ബുണ്ടസ് കിരീടമുയർത്തിയ ഹാരി കേനിന് പകരം നായകന്റെ ആംബാൻഡ് അണിഞ്ഞ് ഫൈനലിൽ ടോട്ടൻഹാമിനെ നയിച്ചത് ദക്ഷിണകൊറിയൻ താരം സൺ ഹ്യൂം മിന്നാണ്.2015ൽ ടോട്ടൻഹാമിലെത്തിയ സണ്ണിന്റെ ആദ്യ കിരീ‌ടമാണിത്.