അണ്ടർ 19 ഇംഗ്ളണ്ട് പര്യടനം : ഇനാൻ ഇന്ത്യൻ ടീമിൽ

Friday 23 May 2025 12:24 AM IST

ആയുഷ് മാത്രേ ക്യാപ്ടൻ, വൈഭവ് സൂര്യവംശി ടീമിൽ

മുംബയ് : ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടർ19 ആൺകുട്ടികളുടെ ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നർ മുഹമ്മദ് ഇനാൻ. അടുത്തമാസം 24 മുതൽ ജൂലയ്‌ 23 വരെ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായ മികച്ച പ്രകടനം കാഴ്ചവച്ച ആയുഷ് മാത്രേയാണ് നയിക്കുന്നത്. ഐ.പി.എല്ലിൽ സെഞ്ച്വറിയടിച്ച 15കാരൻ വിസ്മയബാറ്റർ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. 5 ഏകദിനങ്ങളും രണ്ട് ചതുർ ദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്

ഓസ്ട്രേലിയക്കെതിരെയായ അണ്ടർ- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇനാന് ഇംഗ്ളണ്ടിലേക്കും വഴിതുറന്നത്. ഓസീസിനെതിരെ ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ ഇനാൻ ഏകദിനത്തിൽ 6 വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടി .

ടീം അംഗങ്ങൾ :ആയുഷ് മാത്രേ ( ക്യാപ്ടൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്സിംഗ് ചൌവ്ദ, രാഹുൽ കുമാർ, അഭിജ്ഞാൻ കുണ്ടു, ഹർവംശ് സിംഗ്, ആർ.എസ് അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാൻ,ആദിത്യ റാണ, അൻമോൽജീത് സിംഗ്.