പൂക്കളുമായി സുബൈദ ഉമ്മ, പുഞ്ചിരിയോടെ മുഖ്യൻ

Friday 23 May 2025 12:32 AM IST

കൊല്ലം: ഒരുപിടി പൂക്കളുമായി സുബൈദ ഉമ്മ വേദിയിലേക്ക് കടന്നുവന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് പുഞ്ചിരി. നാട് ദുരന്തത്തെ നേരിട്ടപ്പോഴൊക്കെ തന്റെ വരുമാന മാർഗമായ ആടുകളെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ 'നന്മ'യാണ് പൂക്കളുമായെത്തിയത്. അടുത്ത് നിറുത്തി, പൂക്കൾ വാങ്ങി, വിശേഷങ്ങൾ ചോദിച്ചു. ഇനിയും തന്നെക്കൊണ്ടാകുന്നതൊക്കെ നൽകാൻ മനസുണ്ടെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് സുബൈദ ഉമ്മ വേദിയിൽ നിന്നിറങ്ങിയത്. സദസിലുള്ളവർ കൈയടിച്ച് സ്നേഹമറിയിക്കുകയുമുണ്ടായി. പ്രളയകാലത്ത് ആടുകളെ വിറ്റ പണം നൽകിയപ്പോഴാണ് കൊല്ലം പോർട്ട് ഓഫീസിന് സമീപം സംഗമം നഗർ-77ലെ സുബൈദയുടെ (65) നന്മമനസ് ലോകമറിഞ്ഞത്. പിന്നീട് വയനാട് ദുരന്തവേളയിൽ ചായക്കടയിലെ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച പതിനായിരം രൂപകൂടി നൽകി സുബൈദ മാതൃകകാട്ടി. മുഖ്യമന്ത്രി കൊല്ലത്ത് വന്നപ്പോൾ അതിഥിയായി സുബൈദ ഉമ്മയെയും ജില്ലാ ഭരണകൂടം ക്ഷണിച്ചതാണ്.