കോളിഫോം ബാക്ടീരിയ ഒഴിയാതെ തലച്ചിറ നഗറിലെ കിണറുകൾ

Friday 23 May 2025 12:34 AM IST

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് സഹോദരിമാർ മരിച്ച തൃക്കോവിൽവട്ടം തലച്ചിറ നഗറിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഒഴിയുന്നില്ല. ഈ സാഹചര്യത്തിൽ നഗറിൽ രണ്ട് മാസത്തേക്ക് വാട്ടർ അതോറിറ്റി വഴി കുടിവെള്ളം വിതരണം ചെയ്യാൻ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

നഗറിൽ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ തുടരും. നഗറിലെ പഞ്ചായത്ത് കിണർ ശുചീകരിച്ച് കുടിവെള്ളം പമ്പ് ചെയ്ത് നൽകാനും ആലോചനയുണ്ട്. ഇവിടെയുള്ളവർക്കായി മെഡിക്കൽ ക്യാമ്പും നിരന്തരം നടത്തും. ഇതുവരെ നഗറിലെ 14 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി അല്പം മോശമാണ്. ഇവിടുത്തുകാരുടെ പുനരധിവാസത്തിനുള്ള പ്രാഥമിക ചർച്ചയും നടന്നു. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

പച്ചമരുന്ന് ചികിത്സ നിയന്ത്രിക്കും

നഗറിൽ പച്ചമരുന്ന് ചികിത്സ നിയന്ത്രിക്കാൻ ഇന്നലത്തെ യോഗത്തിൽ ധാരണയായി. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ പച്ചമരുന്ന് ചികിത്സ മതിയെന്ന് പറഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് നടപടി.

ചികിത്സാ വീഴ്ച ആവർത്തിച്ച്

പെൺകുട്ടികളുടെ പിതാവ്

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച നീതുവിന്റെയും മീനാക്ഷിയുടെയും പിതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ചയുണ്ടായെന്ന ആരോപണം വീണ്ടും ആവ‌ർത്തിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഇളയമകന്റെ ചികിത്സയ്ക്ക് സർക്കാർ സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. മരിച്ച രണ്ട് പെൺകുട്ടികൾക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് സുനിൽകുമാർ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് ലഭിച്ചെന്നും സൂപ്രണ്ട് പറഞ്ഞു.

ആശുപത്രി അധികൃതരുടെ വിശദീകരണം ഇങ്ങനെ: പനി, വയറുവേദന, ഛർദ്ദി രോഗലക്ഷണങ്ങളുമായി ഈമാസം 13, 14 തീയതികളിലാണ് പെൺകുട്ടികൾ ചികിത്സ തേടിയയത്. അപ്പോൾ തന്നെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയമാക്കി. ആവശ്യമായ ലാബ് പരിശോധനകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വളരെ വേഗം രോഗം മൂർച്ഛിക്കുന്ന തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് എയാണെന്നും കണ്ടെത്തി. അതിന്റെ ഭാഗമായി കരൾ വേഗം കേടായി. മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗവും നെഫ്രോളജി വിഭാഗവും പരിശോധിച്ച് പ്ലക്സ് തെറാപ്പി അഥവാ പ്ലാസ്മാ എക്സ്ചേഞ്ച് തെറാപ്പി ചികിത്സകൾ നൽകിയെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇതോടെ ബന്ധുക്കളെ രോഗത്തിന്റെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെടുത്തി രണ്ടുപേർക്കും കരൾ മാറ്റിവയ്ക്കൽ ചികിത്സ നിർദേശിച്ചു. വിദഗ്ദ്ധ ചികിത്സകൾ തുടരുന്നതിനിടയിലും രോഗികളുടെ ആരോഗ്യസ്ഥിതി മോശമായി. വെന്റിലേറ്റർ സഹായം ലഭ്യമാക്കിയെങ്കിലും ആരോഗ്യ നില കൂടുതൽ മോശമായി രണ്ടുപേരും മരണമടഞ്ഞു. രോഗകാരണം കണ്ടെത്തുന്നതിന് രണ്ടുപേരിൽ ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.