ഹയർ സെക്കൻഡറി ഫലം ; സർക്കാർ സ്‌കൂളുകൾ പിന്നിൽ

Friday 23 May 2025 1:11 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കൻഡ‌റി ഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനത്തിൽ സർക്കാർ സ്കൂളുകൾ പിന്നിൽ. സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 1,63,904 പേരിൽ 1,20,027 പേരാണ് വിജയികളായത് (73.23%). കഴിഞ്ഞവർഷമിത് 75.06 ശതമാനമായിരുന്നു. അതേസമയം എയ്ഡഡ് സ്‌കൂളുകൾ 82.16%, അൺ എയ്ഡഡ് 75.91% എന്നിങ്ങനെയാണ് ഈ വർഷത്തെ വിജയം. എയ്ഡഡ് സ്‌കൂളിലെ 1,82,409 പേർ പരീക്ഷയെഴുതി. 1,49,863 പേർ വിജയിച്ചു. അൺ എയ്ഡഡിൽ 23,998 പേർ പരീക്ഷയെഴുതിയതിൽ 18,218 പേർ വിജയികളായി.

പട്ടികവിഭാഗത്തിൽ മുന്നേറ്റം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ വിജയശതമാനം വർദ്ധിച്ചു. പട്ടികജാതിയിലുള്ള 34,051 പേർ പരീക്ഷയെഴുതിയതിൽ 19,719പേർ വിജയിച്ചു. (57.91%). കഴിഞ്ഞ വർഷം 35,781 പേർ പരീക്ഷയെഴുതിയതിൽ 20,343 പേർ വിജയിച്ചു (56.85%). പട്ടികവർഗത്തിൽ 5,055 പേർ പരീക്ഷയെഴുതി. 3,047 പേർ വിജയിച്ചു (60.28%.) കഴിഞ്ഞ വർഷം 5,815 പേർ പരീക്ഷയെഴുതിയതിൽ 3135 പേരാണ് വിജയിച്ചത് (53.91%.)