പി.എസ്.സി പരീക്ഷകൾ മലയാളത്തിലും എഴുതാൻ സാഹചര്യം ഒരുക്കണം: രമേശ് ചെന്നിത്തല

Tuesday 10 September 2019 12:00 AM IST

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ഇംഗ്ളീഷിനൊപ്പം മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് (കെ.എ.എസ് ) ഉൾപ്പെടെ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും നടത്തണം. ഈ ആവശ്യമുന്നയിച്ച് 12 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാരസമരത്തോട് സർക്കാർ മുഖം തിരിക്കുന്നത് ശരിയല്ല. സംസ്ഥാനം രൂപീകരിച്ച് 63 വർഷം കഴിഞ്ഞിട്ടും മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുന്നത് ഗതികേടാണ്. അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, മധുസൂദനൻ നായർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. എല്ലാ തൊഴിൽ പരീക്ഷകളിലും മലയാള ഭാഷയ്ക്ക് മുൻതൂക്കവും പ്രാധാന്യവും നൽകുന്ന നടപടി പി.എസ്.സിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.