ദളിത് യുവതിക്ക് പൊലീസ് പീഡനം --അന്വേഷണച്ചുമതല ജില്ലയ്‌ക്ക് പുറത്തെ ഡിവൈ.എസ്.പിക്ക്

Friday 23 May 2025 3:35 AM IST

തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് നി​ര​പ​രാ​ധി​യാ​യ​ ​ദ​ളി​ത് ​യു​വ​തി​ ആർ.ബിന്ദുവിനെ (39) പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ചത് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ അന്വേഷിക്കും. ജൂൺ 25നകം അന്വേഷണ റിപ്പോർട്ട് നൽകാൻ ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദർ ഉത്തരവിട്ടു.

ബിന്ദുവിനെതിരേ വ്യാജ മോഷണ പരാതിയുണ്ടാവാനുള്ള സാഹചര്യം, സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവ അന്വേഷിക്കും. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലയ്ക്ക് പുറത്തെ ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. സ്റ്റേഷനിലെ സി.സി ടിവി പരിശോധിച്ചും ബിന്ദുവിന്റെ പരാതി അന്വേഷിച്ചും വസ്തുത പുറത്തുകൊണ്ടുവരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് കേരളകൗമുദിയോട് പറഞ്ഞു.

കസ്റ്റഡി പീഡനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എസ്.ഐ എസ്.ജി.പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു പൊലീസുകാരൻ കൂടി തന്നെ അസഭ്യം പറയുകയും അടിക്കാൻ കൈയോങ്ങുകയും ചെയ്തതായി ബിന്ദു പറയുന്നുണ്ട്. ഇതും പേരൂർക്കട എസ്.എച്ച്.ഒ ആർ.ശിവകുമാറിനെതിരെ ബിന്ദു ഉന്നയിച്ച ആരോപണങ്ങളും ഡിവൈ.എസ്.പി അന്വേഷിക്കും. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണം ശംഖുംമുഖം അസി.കമ്മിഷണറാണ് നടത്തുക.

വെള്ളപൂശി അന്വേഷണ റിപ്പോർട്ട്

സസ്പെൻഷനിലായ എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നകുമാർ എന്നിവർക്ക് പുറമെ മറ്റാർക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കന്റോൺമെന്റ് അസി.കമ്മിഷണറുടെ റിപ്പോർട്ട്

സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ വിവരമറിഞ്ഞില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ താൻ സ്റ്റേഷനിലെത്തിയപ്പോഴേ സി.ഐ മാലക്കള്ളിയെന്ന് വിളിച്ച് ആക്രോശിച്ചെന്നാണ് ബിന്ദു പറയുന്നത്

കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് സി.സി ടിവി പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ട്. ബിന്ദു മോഷ്ടിച്ചെന്ന് ആരോപിച്ച സ്വർണം വീട്ടിൽ നിന്നുതന്നെ കിട്ടിയതെങ്ങനെയെന്നും അന്വേഷിച്ചിട്ടില്ല