കട്ട് ഓഫ് ഡേറ്റിൽ ഔട്ടായി സ്ഥലം മാറ്റമില്ലാതെ ഡോക്ടർമാർ

Friday 23 May 2025 2:40 AM IST

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള കട്ട് ഓഫ് ഡേറ്റ് അശാസ്ത്രീയമായി നിശ്ചയിച്ചതോടെ നൂറുകണക്കിന് ഡോക്ടർമാർ പ്രതിസന്ധിയിൽ. ഇതോടെ മൂന്നു വർഷത്തിന് ശേഷം അർഹതപ്പെട്ട സ്ഥലംമാറ്റം നിഷേധിക്കപ്പെടുന്ന സ്ഥിതിയായി ഡോക്ടർമാർക്ക്. നിലവിൽ ജോലിചെയ്യുന്ന സ്ഥലത്ത് ഒരുവർഷം കൂടി തുടരേണ്ടിവരും.

കൂടാതെ അടുത്തവർഷം തിരഞ്ഞെടുപ്പായതിനാൽ അതിലും താമസമുണ്ടാകും. ഇതോടെ അഞ്ചുവർഷത്തോളം ഒരുസ്ഥലത്ത് തുടരേണ്ടിവരുമെന്നാണ് ഇക്കൂട്ടരുടെ ആശങ്ക. അതേസമയം,പൊതുസ്ഥലംമാറ്റത്തിൽ അപേക്ഷിക്കാനുള്ള കട്ട് ഓഫ് ഡേറ്റ് ഏപ്രിൽ 30ന് പകരം ഈ മാസം 30ആക്കിയാൽ പ്രശ്നം പരിഹരിക്കാനാവും.

2022ൽ സ്ഥലം മാറ്റം ലഭിച്ചവർക്കാണ് 2025ൽ മൂന്നു വർഷം തികയുന്നത്. അതും നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്ത് ഏപ്രിൽ 30ന് മൂന്നുവർഷം തികഞ്ഞവർക്കാണ് പൊതുസ്ഥലം മാറ്റത്തിൽ അപേക്ഷിക്കാൻ അവസരം. എന്നാൽ 2022ൽ മേയിലാണ് കൺസൾട്ടന്റ്,ജൂനിയർ കൺസൾട്ടന്റ്,സിവിൽ സർജൻ,ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ എന്നിവരുടെ സ്ഥലംമാറ്റം നടന്നത്. 2022 ഏപ്രിൽ 25ന് അസിസ്റ്റന്റ് സർജൻമാരുടെ സ്ഥലംമാറ്റ പട്ടികയായി. ജോയിൻ ചെയ്യാൻ ഒരാഴ്ച സമയമുള്ളതിനൽ ഇവരിലും ഭൂരിഭാഗവും മേയിലാണ് ജോയിൻ ചെയ്തത്. മേയിൽ ജോയിൻ ചെയ്തവർക്കും ഇത്തവണ അപേക്ഷിക്കാനായില്ല. ഫലത്തിൽ ഏപ്രിലിൽ ജോയിൻ ചെയ്ത ചുരുക്കം ചില അസി.സർജൻമാരാണ് ഇത്തവണ സ്ഥലംമാറ്റത്തിന് അർഹരായത്. മൂന്നുവർഷം മുമ്പ് സ്ഥലംമാറ്റപ്പട്ടിക പുറത്തിറങ്ങിയ സമയം അനുസരിച്ച് ഈവർഷം അപേക്ഷ ക്ഷണിക്കുന്നതിന് പകരം അശാസ്ത്രീയമായി കട്ട്ഓഫ് ഡേറ്റ് നിശ്ചയിച്ചതാണ് കരുക്കായതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ചിലർക്ക് മൗനം!

സ്വന്തം ജില്ലയിൽ ജോലിചെയ്യുന്നവർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നുണ്ട്. ഇത് ജില്ലയ്‌ക്ക് പുറത്തുള്ള വനിതാജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് പ്രതിസന്ധിയിലാക്കുന്നത്. കേരള ഗവ.സ്‌‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ സർക്കാരിന് ഇതിനെതിരെ കത്ത് നൽകിയിട്ടുണ്ട്.

മാറാരോഗവും പരസ്യപ്പെടുത്തി!

ഇത്തവണ സ്ഥലംമാറ്റത്തിനുള്ള കരട് പട്ടികയിറക്കിയപ്പോൾ മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിവരുടെ രോഗവിവരം ഉൾപ്പെടെ പരസ്യപ്പെടുത്തി. കുഷ്ഠരോഗം ഉൾപ്പെടെ ബാധിച്ചവർ ആനുകൂല്യം തേടിയിരുന്നു. എന്നാൽ ഇത് പരസ്യപ്പെടുത്തുമെന്ന് ഡോക്ടർമാർ കരുതിയില്ല. രോഗിയുടെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന ആരോഗ്യവകുപ്പ് തങ്ങളോട് നീതികാട്ടിയില്ലെന്നാണ് ഡോക്ടർമാരുടെ പരാതി.