നാല് വർഷം മുമ്പിറങ്ങിയ പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നു; വേടനെതിരെ എൻഐഎയ്‌ക്കും ആഭ്യന്തര വകുപ്പിനും പരാതി

Friday 23 May 2025 10:43 AM IST

പാലക്കാട്: റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പരാതി. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻ ഐ എയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്. 'വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം.

നാല് വർഷം മുമ്പാണ് 'വോയിസ് ഓഫ് വോയിസ്‌‌‌ലെസ്' എന്ന പാട്ട് പുറത്തിറങ്ങിയത്. വിദ്വേഷം വളർത്തൽ, ജാതി വിവേചനം. പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ അടക്കമുള്ളവയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്.

ഇപ്പാഴാണ് വേടന്റെ പാട്ട് കാണുന്നതെന്നും അന്ന് കണ്ടിരുന്നെങ്കിൽ അപ്പോഴേ കേസ് കൊടുക്കുമായിരുന്നുവെന്നും മിനി പറഞ്ഞു. പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവരാണെന്നും പറയുന്നത് എവിടത്തെ ന്യായമാണെന്നും മിനി ചോദിക്കുന്നു.

ആവിഷാകാരം സ്വാതന്ത്ര്യമുണ്ടെന്ന് പറയുമ്പോഴും വേടൻ ഇന്ത്യൻ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിൽക്കണമെന്നും മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ അയാൾ ഇന്ന് എവിടെയായിരിക്കുമെന്നും മിനി ചോദിക്കുന്നു.

വേടനെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല നേരത്തെ രംഗത്തെത്തിയിരുന്നു. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. പാലക്കാട് കളക്ടറേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് വേടനെ വിമർശിച്ചത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും അവർ ചോദിച്ചിരുന്നു.