പേടിയാണ്
പേടിയാണമ്മയ്ക്കു പൊന്നുമോനേ, ഏതു നേരം നീ കത്തിയായ് മാറുമെന്ന്. പേടിയാണച്ഛന് എൻ മകനേ, എപ്പോൾ വാളായി മുന്നിൽ നീ നില്ക്കുമെന്ന് പേടിയാണേട്ടാ, മരണമായി എത്തുന്ന നിങ്ങളെ ഓർത്തിടുമ്പോൾ... പേടിയാണിക്കൊച്ചുപെങ്ങൾക്കിപ്പോൾ രാക്ഷസനായ് ഏട്ടൻ മാറിയാലോ...
വീടുമീ നാടും ജനങ്ങളെല്ലാം ഭീതിയോടോർക്കുന്ന ദുഷ്ടജന്മം! വയ്യിനിയാർക്കുമേ കണ്ണീർക്കടൽ താണ്ടുവാൻ, പോവുകയാണ് ഞങ്ങൾ...
ഉണക്ക മരം
എസ്.എൽ. ബ്രൈറ്റ്, മീയണ്ണൂർ
വിജനവീഥിയിൽ നിൽപ്പോരുണക്ക മരം വിടർന്ന ചില്ലകളടർന്നൊടിഞ്ഞു തൂങ്ങിടും, വിഭാവരിതൻ ശോഭയിൽ വരച്ചിട്ട ചിത്രമായ്, വിണ്ടുപോയോരുടൽ പാതിചരിഞ്ഞും
വിവസ്ത്രയായ് തടാകഭൂവിൽ ശയിപ്പതും
വിരഹനൊമ്പരമുണർത്തും ഹൃദയം വിചാരവനികയിൽ തുടിപ്പൂ...
വിചിത്ര സങ്കല്പം പോൽ, വീണ്ടും വീണ്ടും തുടിപ്പൂ
വീണുടഞ്ഞ ചില്ലു പോലെ.
വീഴ്ചയിൽ ചെറു കഷണമായ് വീരരണഭൂവിൽ ശോണിതവുമണിഞ്ഞും
വീരേതിഹാസമായോരു സ്മരണയിൽ
വീരാളിപ്പട്ടു ചുറ്റിയ ചേകോരായും
വീരകാഹളം മുഴക്കിയാടിയുലഞ്ഞും
വീർത്തും ചീർത്തും മഴക്കെടുതിയിൽ
വന്നുഭവിച്ചോരോ ദുരന്തവുമേറ്റു വാങ്ങി
വാപിളർന്ന ചാപിള്ളയായ് പ്രകൃതിയും
വാടിവീഴും പിന്നെയും തളിർക്കും
വാനിൽ സുഗന്ധമൊരുക്കിടും പൂക്കളും
വെന്തുരുകി വേനലിൽ കാടുകരിഞ്ഞും വേർപെട്ടു വീണ്ടും ഒറ്റയ്ക്കാ ഉണക്കമരം.