ചാർളിയിലെ ഡേവിഡ്; പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു

Friday 23 May 2025 12:54 PM IST

കൊച്ചി: രാജ്യമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന വ്യക്തിത്വം രാധാകൃഷ്ണൻ ചക്യാട്ട് ‌നിര്യാതനായി. ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ചാർളി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛനായി ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായി മാറി.

നിക്കോൺ ഇന്ത്യ മെന്റർ ആയിരുന്നു അദ്ദേഹം. പിക്‌സൽ വില്ലേജ് എന്ന യൂട്യൂബ് ചാനലിന്റെ സ്ഥാപകൻ കൂടിയായ രാധാകൃഷ്ണൻ ചക്യാട്ടിന് 2023ൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എകെപിഎ) ഫോട്ടോഗ്രാഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണൻ, പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്ന രാധാകൃഷ്ണൻ സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്നു.