ഇന്ത്യൻ ട്രെയിനിലെ അത്ഭുതകരമായ കാര്യം; വന്ദേഭാരതിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് ബ്രിട്ടീഷ് യുവതി

Friday 23 May 2025 1:46 PM IST

ഇന്ത്യൻ ട്രെയിനിൽ യാത്ര ചെയ്തതിന് പിന്നാലെ അസ്വസ്ഥതകളുണ്ടായെന്ന് പറഞ്ഞുകൊണ്ട് അടുത്തിടെ ഒരു വിദേശ വ്‌ളോഗർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വന്ദേഭാരതിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് ബ്രിട്ടീഷ് വ്‌ളോഗറായ യുവതി. മുംബയ് മുതൽ ഗോവ വരെയാണ് യുവതി വന്ദേഭാരതിൽ സഞ്ചരിച്ചത്.

@burnessiteravels എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യുവതി ട്രെയിനിന്റെ സവിശേഷതകൾ വിവരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. 'വന്ദേ ഭാരത് എക്സ്പ്രസിൽ മുംബയിൽ നിന്ന് ഗോവയിലേക്ക് പോയി. ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിൽ ഒന്നാണിത്. 3,637 രൂപയാണ് ടിക്കറ്റിനായി ചെലവായത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇത് ചെലവേറിയതാണ്. പക്ഷേ ഞാൻ എടുത്ത മറ്റ് ട്രെയിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു'- എന്ന അടിക്കുറിപ്പോടെയാണ് വ്‌ളോഗർ വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രെയിനിനകത്ത് കാൽ വയ്ക്കാൻ വിശാലമായ സ്ഥലം ഉണ്ടായിരുന്നുവെന്ന് വ്‌ളോഗർ വ്യക്തമാക്കി. വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ ശുചിമുറികളും യുവതിയെ ആകർഷിച്ചു. ആതിഥ്യ മര്യാദയായി യുവതിക്ക് ഒരു റോസാപ്പൂവ് നൽകിയിരുന്നു. പ്രഭാത ഭക്ഷണമായി നൽകിയ വൈവിധ്യമാർന്ന വിഭവങ്ങളുടെ വീഡിയോയും യുവതി പങ്കുവച്ചു. കട്ടൻ കാപ്പി, വാഴപ്പഴം, കോൺഫ്‌ളേക്ക്സ്, പായ്ക്ക് ചെയ്ത ജ്യൂസുകൾ എന്നിവ ഉണ്ടായിരുന്നു! ട്രെയിനിലെ മറ്റൊരു അത്ഭുതകരമായ ഘടകമായിരുന്നു സ്പിന്നിംഗ് കസേരകൾ. കാഴ്ചകൾ കാണാൻ സീറ്റുകൾ കറങ്ങുന്നു' വ്‌ളോഗർ വിശദീകരിച്ചു.