തീക്കട്ടയിലും ഉറുമ്പോ?​

Saturday 24 May 2025 4:46 AM IST

കേസ് ഒത്തുതീർപ്പാക്കുന്നതിന് രണ്ടുകോടിയിൽപ്പരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥനും ഏജന്റുമാരും വിജിലൻസ് പിടിയിലായ സംഭവം അമ്പരപ്പ് ഉളവാക്കുന്നതാണ്. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളിലൊന്നായ ഇ.ഡി പോലും അഴിമതി മുക്തമല്ല എന്നാണ് ഇത് തെളിയിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഇ.ഡി പല കേസുകളും അന്വേഷിക്കുന്നതായി മാദ്ധ്യമ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ പല അന്വേഷണത്തിന്റെയും തുടർ നടപടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ പിന്നീട് പുറത്തുവരുന്നതുമില്ല. ഇപ്പോൾ പുറത്തുവന്ന കൈക്കൂലി സംഭവവുമായി കൂട്ടിവായിക്കുമ്പോൾ പഴയ കേസുകളുടെ അന്വേഷണത്തിലെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഏതായാലും തീക്കട്ടയിൽ ഉറുമ്പരിക്കുന്നതു പോലെയായിപ്പോയി സംഭവങ്ങൾ.

എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര

കുഞ്ഞുങ്ങളുടെ

സുരക്ഷിതത്വം

എറണാകുളത്ത് നാലര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന വാർത്തയുടെ ഞെട്ടൽ മാറും മുമ്പാണ്, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സുരക്ഷിതയായിരിക്കേണ്ട കുടുംബത്തിൽ നിന്നുപോലും കുട്ടിക്ക് ലൈംഗികമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. ഒരുവർഷം മുമ്പാണ് ആലുവയിൽ അഞ്ചുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയത്. നാട്ടിലും വിദ്യാലയങ്ങളിലും കുട്ടികൾ ആക്രമിക്കപ്പെടുകയാണ്. കുട്ടിയെ സംരക്ഷിക്കേണ്ട കരങ്ങൾതന്നെ പലപ്പോഴും പ്രതിസ്ഥാനത്ത് എത്തുകയും ചെയ്യുന്നു. നിയമങ്ങൾ ദുർബലമാണെന്ന തോന്നലാണോ രക്തബന്ധത്തിലുള്ളവരെപ്പോലും തിരിച്ചറിയാനാവാത്ത വിധം മനുഷ്യരെ മാറ്റുന്നത്. എന്തായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പര്യാപ്തമായ കർശന നിയമങ്ങളാണ് നിലവിൽ വരേണ്ടത്. അത് സ്വന്തം കുടുംബത്തിൽ നിന്നാകുമ്പോൾ വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും അവർക്ക് കൊടുക്കാനില്ല.

സീതാലക്ഷ്മി

തൃപ്പൂണിത്തുറ