മഴക്കാലത്തെ ചെളികോരൽ: ആരുടെ പോക്കറ്ര് നിറയ്ക്കാനെന്ന് ഹൈക്കോടതി

Friday 23 May 2025 8:16 PM IST

യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം

കൊച്ചി: നഗരത്തിലെ കാനകളിലും തോടുകളിലും അടിഞ്ഞ ചെളിയും മാലിന്യങ്ങളും മഴയെത്തും മുമ്പേ നീക്കത്തിൽ കോർപ്പറേഷനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇതുവരെ 10 മുതൽ 75 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

ഇനി പെരുമഴ പെയ്യുമ്പോൾ ചെളി നീക്കാമെന്നാമെന്നാണോ വിചാരം? ഇത് ബോധപൂർവമായ അനാസ്ഥയാണ്. ആരുടെ പോക്കറ്റ് നിറയ്ക്കാനാണെന്നും കോടതി ചോദിച്ചു. പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

കാനകോരുന്നതിന് ജനുവരിയിലെങ്കിലും കരാർ നൽകേണ്ടതാണ്. അത് ഏപ്രിൽ വരെ നീട്ടി. മഴ പെയ്താൽ പിന്നെ ഒരു പണിയും ചെയ്യേണ്ടെന്ന് ബന്ധപ്പെട്ടവർക്കറിയാം. ഇത് എല്ലാ വർഷവുമുള്ള ഒത്തുകളിയാണ്. പണിയുടെ ശതമാനക്കണക്കുമായാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പരാജയം ഒരിഞ്ചിനായാലും പരാജയമാണ്. പണി പൂർണമായും തീർക്കാതെ വെള്ളം ഒഴുകില്ല. വെള്ളപ്പൊക്കമുണ്ടായാൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും കോടതി മുന്നറിയിപ്പുനൽകി.

എം.ജി റോഡ്:

'ചെയ്യാനാകില്ലെങ്കിൽ

എഴുതി നൽകൂ''

എം.ജി. റോഡിലെ നടപ്പാതകളുടെ നവീകരണം വേഗത്തിലാക്കാൻ ഫണ്ടില്ലെന്ന് ആവർത്തിച്ച പൊതുമരാമത്ത് വകുപ്പിനെയും കോടതി വിമർശിച്ചു. 15 കോടി രൂപയാണ് വേണ്ടത്. അതിന് പാങ്ങില്ലാത്തതല്ല കേരള സർക്കാർ. പൊതുമരാമത്ത് വകുപ്പിന് പണി ചെയ്യാനറിയാം, പക്ഷേ ചെയ്യില്ല. പറ്റില്ലെങ്കിൽ എഴുതി നൽകൂ. കോടതി അതിന്റെ ചുമതല ഏറ്റെടുക്കാമെന്നും ജസ്റ്റിസ് ദേവൻ വാക്കാൽ പറഞ്ഞു.

സെന്റ് ആൽബർട്ട്സ് ലെയ്നിൽ ഇളകിക്കിടക്കുന്ന ടൈലുകളും നടപ്പാതയിലെ കുറ്റികളും(ബൊള്ളാർഡ്) ഉടൻ പുനസ്ഥാപിക്കുമെന്ന് സി.എസ്.എം.എൽ അറിയിച്ചു. തുടർന്ന് ആരെങ്കിലും നശിപ്പിച്ചാൽ ക്രിമിനൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു.

പ്രമുഖരുടെ ഫ്ലക്സുകൾ വീണ്ടും

സംസ്ഥാനത്ത് പലയിടത്തും ഭരണാധികാരികളുടെ ചിത്രവുമായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. ഇവ എടുത്തുമാറ്റാൻ ഉദ്യോഗസ്ഥരും മടിക്കുകയാണ്. ഫ്ലക്സുകൾ നീക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് പിഴ ഈടാക്കേണ്ടിവരും. തങ്ങളുടെ ഫ്ലക്സുകൾ പാടില്ലെന്ന് നേതാക്കളും നിലപാടെടുക്കണം. കാരണം ജനങ്ങൾ എല്ലാം ഇതിന് എതിരാണെന്ന് കോടതിക്ക് ലഭിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്. സിനിമാക്കാരുടെ ബോർഡുകൾ കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.