വ്യവസായ സംരംഭക വായ്പ വിതരണം കേരള ബാങ്കിന് അവാർഡ്

Saturday 24 May 2025 4:19 AM IST

തിരുവനന്തപുരം:ഭക്ഷ്യ സംസ്‌ക്കരണ സൂഷ്മ വ്യവസായ സംരംഭങ്ങൾക്കുള്ള പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രൊസസ്സിംഗ് എന്റർപ്രൈസസ് (പി.എം.എഫ്.എം.ഇ) പദ്ധതിയിലുടെ വായ്പകൾ വിതരണം ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കിനുള്ള പുരസ്‌ക്കാരം കേരള ബാങ്കിന് ലഭിച്ചു.കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം സംസ്ഥാന വ്യവസായ വകുപ്പിന് നൽകിയിരുന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷം മികവാർന്ന പ്രവർത്തനം കാഴ്ച വച്ചതിനാണിത്.കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയവും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി കൊച്ചിൽ സംഘടിപ്പിക്കുന്ന 'ഫുഡ് ടെക് കേരള 2025'ന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.രാജീവ് കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയ്ക്ക് പുരസ്‌ക്കാരം കൈമാറി.കേരള ബാങ്കിന്റെ എം.എസ്.എം.ഇ വായ്പകൾ 6306 കോടി കടന്നു.1,48,285എം.എസ്.എം.ഇ യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഈ വർഷം 50,000 പുതിയ യൂണിറ്റുകൾക്ക് വായ്പ നൽകാനും പദ്ധതിയിട്ടിട്ടുണ്ട്.പദ്ധതിയിലൂടെ പരമാവധി വായ്പകൾ വിതരണം ചെയ്ത് സംസ്ഥാനത്തിന്റെ വ്യവസായിക വളർച്ചയ്ക്കും അതിലുടെ സാമ്പത്തിക പുരോഗതിയ്ക്കും കരുത്ത് പകരുകയെന്ന ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ പറഞ്ഞു.