ദേശീയപാതയിലെ വെള്ളക്കെട്ട്: 101 ഇടത്ത് പ്രശ്നങ്ങളെന്ന് വിദഗ്ദ്ധ സംഘം

Saturday 24 May 2025 12:07 AM IST
കഴിഞ്ഞദിവസം കാലിക്കടവ് ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ട്

കാസർകോട്. കാലവർഷത്തിനു മുന്നോടിയായി ജില്ലയിൽ ദേശീയപാതയിൽ വെള്ളക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അസൗകര്യങ്ങളും സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കാലിക്കടവ് മുതൽ മഞ്ചേശ്വരം വരെ ദേശീയപാത നിർമ്മാണ പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. പരിഹാര നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.

നിലവിൽ ദേശീയപാതയിലെ വിവിധ ഇടങ്ങളിലായി 101 പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഗൂഗിൾ ഷീറ്റിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ഓരോ പ്രശ്നങ്ങളുടെയും നിലവിലെ സ്ഥിതി വിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും ചെയ്തു വരികയാണ്. പൂർണ്ണമായും പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങൾ, ഭാഗികമായി പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങൾ, പരിഹരിക്കാൻ ബാക്കിയുള്ളവ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഡെപ്യൂട്ടി കളക്ടർ (എൽ.എ) എം. റമീസ് രാജ, ഡെപ്യൂട്ടി കളക്ടർ (എൽ.എ എൻ.എച്ച് ) എസ്. ബിജു എന്നിവർ വിദഗ്ദ്ധസമിതിക്ക് നേതൃത്വം നൽകി. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ട് പ്രശ്നങ്ങൾ രൂക്ഷമാണ്. പിലിക്കോട് സ്‌കൂൾ മുതൽ മാണിയാട്ട് തോടുവരെ ഡ്രെയിനേജ് നിർമ്മിച്ച് വെള്ളം തോടിലേക്ക് ഒഴുക്കിവിട്ടാൽ മാത്രമേ കാലിക്കടവിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയൂ എന്നും റിപ്പോർട്ടിലുണ്ട്. പടുവളത്ത് വെള്ളം ഡ്രെയിനേജിലേക്ക് വഴി തിരിച്ചു വിടണമെന്നും ചെറുവത്തൂർ പടന്ന റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് പണിയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹോസ്ദുർഗ്, കാസർകോട്, മഞ്ചേശ്വരം തഹസിൽദാർമാർക്ക് ചുമതല നൽകി.

ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാൽ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. പ്രദേശവാസികളെ അവശ്യഘട്ടത്തിൽ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനവും നിശ്ചയിച്ചു. മട്ടലായിക്കുന്നിലെ ഇലക്ട്രിക് ലൈൻ സംബന്ധിച്ച വിഷയം കെ.എസ്.ഇ.ബി പരിഗണിച്ച് വരികയാണ്. ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കാലവർഷവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിധികളുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.

പ്രശ്നപരിഹാരത്തിന് പ്രത്യേകസ്ക്വാഡ്

ഓവുചാലുകൾ ഇല്ലാത്തതും നിർമ്മിച്ച ഓവുചാലുകൾ തടസ്സപ്പെട്ടതും കുത്തനെയുള്ള മണ്ണെടുപ്പും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. തഹസിൽദാർമാർ അവർക്ക് ആവശ്യമായ സഹായികളെയും ചേർത്ത് സ്‌ക്വാഡ് രൂപീകരിക്കുകയും വിദഗ്ദ്ധർ അടങ്ങിയിട്ടുള്ള ഈ സ്‌ക്വാഡ് എല്ലാ ഇടങ്ങളിലും പരിശോധന നടത്തുകയും പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു. ഇതുവരെ 10 പ്രശ്നങ്ങൾ പരിഹരിച്ചു. 13 പ്രശ്നങ്ങൾ ഭാഗികമായും പരിഹരിച്ചു. രണ്ടുദിവസങ്ങൾക്കകം മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാണ് നി‌ർദ്ദേശം.