പച്ച ചക്ക കയറ്റുമതിയിൽ വൻ വർദ്ധന

Saturday 24 May 2025 1:53 AM IST

വടക്കഞ്ചേരി: ഈ സീസണിൽ പച്ച ചക്ക കയറ്റുമതിയിൽ വൻ വർദ്ധന. പാലക്കാട് ജില്ലയിലെ നാട്ടിൻപുറങ്ങളിലും മലയോരമേഖലയിലും ചക്ക ഇപ്പോഴും വിളവെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ട് ചക്ക വിപണിയും സജീവമായി നിൽക്കുന്നുണ്ട്. അഞ്ചു വർഷങ്ങളായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പച്ച ചക്കയുടെ ആവശ്യം അധികരിച്ചത് ഗ്രാമീണമേഖലയിലും ചെറുകിട കച്ചവടക്കാർക്കും നേട്ടമായി. വടക്കഞ്ചേരി കേന്ദ്രമായുള്ള മൊത്ത കച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകൾ ചെറുകിട വ്യാപാരികൾ വേയ് ബ്രിഡ്ജ് തൂക്കത്തിനാണ് നൽകുന്നത്. വടക്കഞ്ചേരിയിൽ നിന്ന് ദിവസവും മൂന്നും നാലും ലോറി ചക്കയാണ് തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുന്നത്. പുണെ, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും ചക്ക കൊണ്ടുപോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

 കിലോയ്ക്ക് വില 10 രൂപ

മൂപ്പെത്താത്ത ചക്കയ്ക്കാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിൽ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക പരുവത്തിലുള്ള ചക്ക കിലോയ്ക്ക് 10 രൂപ കണക്കാക്കിയാണ് വ്യാപാരികൾ വാങ്ങുന്നത്. വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നൽകുന്നുണ്ട്. കച്ചവടക്കാർ തന്നെ ചക്ക മരങ്ങളിൽ കയറി വെട്ടിയിറക്കും. വലിപ്പത്തിനനുസരിച്ച് വില പറഞ്ഞാണ് കൊണ്ടുപോകുന്നത്. പൂർണ വളർച്ചയെത്താത്ത ഏതിനം ചക്കയും ഇവർ സംഭരിക്കുന്നുണ്ട്. ഇതുമൂലം മധുരം ഇല്ലാത്തവ, കൂഴച്ചക്ക, വരിക്ക, തുടങ്ങി പഴത്തിന് ഉപയോഗിക്കാൻ പറ്റാത്ത ചക്കയ്ക്കുവരെ ആവശ്യക്കാരായി. മുൻകാലങ്ങളിൽ പഴുത്ത ചക്ക മാത്രമാണ് വ്യാപാരികൾ അയൽ സംസ്ഥാനത് വിപണി ലക്ഷ്യമാക്കി കൊണ്ടുപോവുക, ഈ അവസ്ഥക്കാണ് മാറ്റം ഉണ്ടായത്.പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് വ്യാപാരികൾ ചക്ക സംഭരിക്കുന്നത്. തീരെ ചെറിയ ചക്കകൾ മരത്തിൽ തന്നെ നിർത്തി ആഴ്ചകൾക്ക് ശേഷം വീണ്ടും വന്നു സംഭരിക്കുന്നുമുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ബാക്കി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 50 ശതമാനം നാടൻ ചക്കയും വിറ്റുപോകുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇതുവഴി ചെറിയ ആദായവും ഗ്രാമീണ മേഖലയ്ക്ക് ലഭിക്കുന്നുണ്ട്.