കേന്ദ്രത്തിന് ലോട്ടറി: റിസർവ് ബാങ്ക് 2.69 ലക്ഷം കോടി നൽകും
Saturday 24 May 2025 4:54 AM IST
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് 2.69 ലക്ഷം കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് ഡയറക്‌ടർ ബോർഡ് തീരുമാനം. മുൻ സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് കൈമാറിയിരുന്നത്. റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിലെ ആകസ്മിക റിസ്ക് സംരക്ഷണ കവചം (സി.ആർ.ബി) 6.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർത്താനും തീരുമാനിച്ചു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സുരക്ഷിത നിക്ഷേപമാണിത്. വിദേശ നാണയ ഇടപാടുകൾ, ബാങ്കുകൾക്ക് നൽകുന്ന വായ്പയിലെ വരുമാനം തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് റിസർവ് ബാങ്ക് ലാഭവിഹിതമായി സർക്കാരിന് കൈമാറുന്നത്.