ഐ.ബി ഉദ്യോ​ഗസ്ഥയെ മരണത്തിലേക്ക് തള്ളിവിട്ടതിന് തെളിവ് , പറയ്, നീ എന്നു ചാകും..., യുവതിയോട് സുകാന്ത്

Saturday 24 May 2025 4:06 AM IST

 ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് പ്രതി സുകാന്താണെന്ന് തെളിയിക്കുന്ന ടെലഗ്രാം ചാറ്റ് പൊലീസ് വീണ്ടെടുത്തു. നീ എപ്പോൾ മരിക്കുമെന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ആഗസ്റ്റ് ഒമ്പതിനെന്നായിരുന്നു യുവതിയുടെ മറുപടി. ഫെബ്രുവരി ഒമ്പതിനാണ് ചാറ്റ് നടന്നത്. അതിനുശേഷം ചാറ്റ് നടന്നിട്ടില്ല.

പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ തുടർന്ന് പൊലീസ് ഹൈക്കോടതിയിൽ കഴിഞ്ഞമാസം സമർപ്പിച്ച സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്ടിലാണ് ഞെട്ടിപ്പിക്കുന്ന ചാറ്റിന്റെ വിവരങ്ങളുള്ളത്. സുകാന്തിന്റെ മലപ്പുറത്തെ ബന്ധുവിൽ നിന്ന് ലഭിച്ച ഐ ഫോണിലെ ചാറ്റുകളാണിത്. ആഗസ്റ്റ് ഒമ്പത് ഇരുവർക്കും മാത്രം അറിയാവുന്ന എന്തെങ്കിലും പ്രത്യേകതയുള്ള ദിവസമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. മുൻപ് ചാറ്റുകൾ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം സൗഹൃദമുണ്ടായിരുന്നപ്പോഴുള്ളതാണ്. അവയിലേറെയും അശ്ളീല ഉള്ളടക്കമാണ്. ചാറ്റ് സുകാന്ത് ഡീലീറ്റ് ചെയ്തെങ്കിലും ആപ്പ് മാറ്റിയിരുന്നില്ല. ഇതിൽനിന്നാണ് പൊലീസ് ചാറ്റ് വീണ്ടെടുത്തത്.

ഫോൺ വിശദ ഫോറൻസിക് പരിശോധനയ്ക്ക് വീണ്ടുമയച്ചു. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. മാർച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ ഐ.ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

നീ ഒഴിഞ്ഞാൽ എനിക്ക് കല്യാണം കഴിക്കാം

 സുകാന്ത്: എനിക്ക് നിന്നെ വേണ്ട

 യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല

 സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ കല്യാണം കഴിക്കാൻ പറ്റൂ

 യുവതി: അ‌തിന് ഞാൻ എന്തുചെയ്യണം

 സുകാന്ത്: നീ പോയി ചാകണം

 സുകാന്ത് : നീ എന്നു ചാകും

 സുകാന്ത് : പറയെടീ, നീ എന്നു ചാകും

 യുവതി: ആഗസ്റ്റ് 9ന്, അന്നത്തോടെ എന്റെ ശല്യം അവസാനിപ്പിക്കാം.

 സുകാന്ത് : ആഗസ്റ്റ് 9 നു തന്നെ മരിക്കണം

 സുകാന്ത് : go and die