അരയിനിക്കോണം അങ്കണവാടി, പണമുണ്ടായിട്ടും പണി പാളി !

Saturday 24 May 2025 12:18 AM IST

ഏഴംകുളം : സ്മാർട്ട് അങ്കണവാടി നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ അനുവദിച്ചിട്ടും അരയിനിക്കോണം അങ്കണവാടിയുടെ കാലക്കേട് മാറിയില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതകളാണ് തടസമായത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം ജീർണതയിലായതോടെ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു.

അരയിനിക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീവർദ്ധിനി മഹിള സമാജം കെട്ടിടം നിർമ്മിച്ചു എന്ന തരത്തിൽ ആലേഖനം ചെയ്ത ഒരു ബോർഡ് ആരംഭകാലം മുതൽ പഴയ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നുവെങ്കിലും ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിയുടെ പേരിലായി പ്രമാണത്തിൽ രേഖപ്പെടുത്തിയതാണ് തടസങ്ങൾക്ക് കാരണമായത്. ഫണ്ട് അനുവദിച്ചപ്പോൾ നവീകരണത്തിന്റെ ഭാഗമായി പ്രമാണത്തിന്റെ പകർപ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിച്ചപ്പോഴാണ് ഈ വിവരം അധികൃതർ അറിയുന്നത്. ഇപ്പോൾ സ്ഥലവും കെട്ടിടവും ശ്രീവർദ്ധിനി മഹിള സമാജത്തിന്റെ പേരിലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്‌. മഹിളാസമാജം സ്ഥലം ഏഴംകുളം പഞ്ചായത്തിന് കൈമാറിയാൽ മാത്രമേ ഇവിടെ കെട്ടിടം പണിയാനാകൂ.

അതേസമയം പഴയ കെട്ടിടവും വഴിയുമെല്ലാം കാടുകയറിയ നിലയിലാണ്. കെട്ടിടം വിള്ളൽ വീണു പൂർണമായും നശിച്ച അവസ്ഥയിലാണ്. ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും വിഹാരകേന്ദ്രമായി മാറുകയാണിവിടം.

വാടകകെട്ടിടത്തിൽ...

നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത് ശോചനീയമായ അവസ്ഥയിൽ ഒരു വാടക കെട്ടിടത്തിലാണ് . അരയിനിക്കോണം ക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലുള്ള കെട്ടിടത്തിലാണിത്. ഇവിടേയ്ക്ക് കുട്ടികൾക്ക് എത്താനുള്ള വഴിയും അപകടം നിറഞ്ഞ രീതിയിൽ കുത്തനെ കിടക്കുകയാണ്.

സാങ്കേതിക തടസങ്ങൾ തീർന്നാൽ എത്രയും വേഗത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാകും.

രജിത ജെയ്‌സൺ, വാർഡ് അംഗം

കെട്ടിട നിർമ്മാണം പ്രതിസന്ധിയിൽ നിൽക്കുന്നത് വാർഡ് മെമ്പറുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ഭരണപരാജയമാണ്.

സതീശൻ നായർ,

ബി.ജെ.പി ഏഴംകുളം ഏരിയ പ്രസിഡന്റ്

പഞ്ചായത്ത് ഭരണസമിതിയിലെ സി പി എം - സി പി ഐ തർക്കത്തിന്റെ ബാക്കിപത്രമാണ് നിലവിലെ ദുരവസ്ഥ.

ബിനിൽ ബിനു,

കെ എസ് യു അടൂർ ബ്ലോക്ക് പ്രസിഡന്റ്