മണൽ വാരാൻ ജില്ലയിൽ 20 കടവുകൾ

Saturday 24 May 2025 12:19 AM IST

പത്തനംതിട്ട : നദികളിലെ മണൽ വാരാൻ മാർഗരേഖ റവന്യു വകുപ്പ് അംഗീകരിച്ചതോടെ കടവുകൾ നിശ്ചയിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി ( എൻ.ഐ.ഐ.എസ്.ടി) യുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ കളക്ടറേറ്റിൽ നടന്ന ദുരന്ത നിവാരണ, റിവർ മാനേജ്മെന്റ് വിഭാഗങ്ങളുടെ യോഗം മണൽ വാരാനുള്ള കടവുകളുടെ അതിരുകൾ നിർണയിക്കാൻ ആർ.ഡി.ഒ മാർക്ക് നിർദേശം നൽകി. ജില്ലയിൽ പമ്പ, അച്ചൻകോവിൽ നദികളിലാണ് മണൽ വാരുന്നതിന് കടവുകൾ നിശ്ചയിച്ചിട്ടുള്ളത്. പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്. മണിമല ആറിലെ കടവുകൾ നിശ്ചയിച്ചിട്ടില്ല.

കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപ‌ടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. ‌ഈ വർഷത്തെ കാലവർഷത്തിന് മുൻപ് ഇത് നടക്കില്ലെന്ന് ഉറപ്പാണ്.

2018, 19 വെള്ളപ്പൊക്കത്തിൽ നദികളിൽ മണലും എക്കലും അടിഞ്ഞ് അടത്തട്ട് ഉയർന്നിട്ടുണ്ട്. കാലവർഷക്കാലത്ത് മഴ ക്രമാതീതമായാൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. മണൽ വാരി ലേലത്തിൽ വിറ്റാൽ നിർമ്മാണ മേഖലയ്ക്ക് പ്രയോജനപ്പെടും. നദികളുടെ സംരക്ഷണത്തിനും മണൽ ക്ഷാമത്തിനും പരിഹാരമാകും. പത്തനംതിട്ട ഉൾപ്പെടെ എട്ട് ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016 ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.

മണൽ കടവുകൾ

പമ്പ : 13

അച്ചൻകോവിൽ : 7

ആകെ മണൽ ശേഖരം 3,54,140 ക്യുബിക് മീറ്റർ

മണൽ വാരുന്നതിന് കടവുകളുടെ അതിർത്തികൾ നിർണയിച്ചു നൽകാൻ ആർ.ഡി.ഒ മാർക്ക് നിർദേശം നൽകി. തുടർന്ന് മണൽ വാരുന്നതിന് ടെൻഡർ നടപടികളിലേക്ക് കടക്കും. ദുരന്ത നിവാരണ വിഭാഗം