വീഴ്ച സമ്മതിച്ച് അതോറിറ്റി, എൻ.എച്ച് 66 ഘടന മാറ്റേണ്ടിവരും

Saturday 24 May 2025 4:45 AM IST

 ഹൈക്കോടതി ഇടക്കാല റിപ്പോർട്ട് തേടി

കൊച്ചി: മലപ്പുറം കൂരിയാടിലടക്കം നിർമ്മാണത്തിലിരിക്കുന്ന ഹൈവേ ഇടിഞ്ഞുതാഴ്ന്നതിൽ ഹൈക്കോടതിയിൽ വീഴ്ചസമ്മതിച്ച് ദേശീയപാത അതോറിറ്റി. തകർച്ചയ്ക്ക് കാരണം മണ്ണിനടിയിലൂടെ കിനിഞ്ഞെത്തിയ വെള്ളമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് അതോറിറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂരിയാട് പാതയ്ക്ക് സ്ട്രക്ചറൽ മാറ്റം വേണ്ടിവരുമെന്നാണ് വിലയിരുത്തലെന്നും പറഞ്ഞു.

തുടർന്ന് കാരണങ്ങൾ വിശദീകരിച്ച് വ്യാഴാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എൻ.എച്ച്.എ.ഐയ്ക്ക് നി‌ർദ്ദേശം നൽകി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിക്കവേയാണ് നടപടി.ദേശീയപാതയുടെ വികസനത്തിൽ ജനം ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു. യാത്രാദുരിതങ്ങൾ സഹിച്ച് അവർ ക്ഷമയോടെ കാത്തിരുന്നു. ഇപ്പോൾ ഏവരും കടുത്ത ആശങ്കയിലാണെന്നും ചൂണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു. ഉന്നതതല വിദഗ്ദ്ധസമിതിയും രൂപീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. കരാർ കമ്പനിയെ ബ്ലാക്‌ലിസ്റ്റ് ചെയ്യും. പാതയിടിഞ്ഞതിന്റെ വിശദമായ കാരണം പഠിക്കാൻ സമയം അനുവദിക്കണമെന്നും അപേക്ഷിച്ചു. തുടർന്നാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.