വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻനിക്ഷേപത്തിന് റിലയൻസ്

Saturday 24 May 2025 12:55 AM IST

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പദ്ധതികളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ വരിക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു. നോർത്ത് ഈസ്‌റ്റ് ഇൻവെസ്‌റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

അദാനി ഗ്രൂപ്പ് 50,000 കോടി നിക്ഷേപിക്കും

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പത്ത് വർഷക്കാലയളവിൽ 50,000 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി പറഞ്ഞു. നേരത്തെ ആസാമിനായി പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണിത്.