കൊച്ചിൻ ഷിപ്പ്‌യാർഡ് വിപണി മൂല്യം 50,000 കോടി കവിഞ്ഞു
കൊച്ചി: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ പ്രമുഖ കേന്ദ്ര പൊതുമേഖല കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം വീണ്ടും 50,000 കോടി രൂപ കവിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധ മേഖലയിലെ കമ്പനികൾക്ക് മികച്ച അവസരങ്ങൾ ഒരുങ്ങുന്നുവെന്ന വാർത്തകളുടെ കരുത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്നിരുന്നു. ഇന്നലെ കമ്പനിയുടെ ഓഹരി വില 11.20 രൂപ ഉയർന്ന് 1,915 രൂപയിലെത്തിയതോടെ വിപണി മൂല്യം 50,379 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം 78,400 കോടി രൂപയിലെത്തി റെക്കാഡിട്ടതിന് ശേഷം തുടർച്ചയായി താഴേക്ക് നീങ്ങി. എന്നാൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം കമ്പനിയുടെ തലവര മാറി. ഒരവസരത്തിൽ ഓഹരി വില 1,270 രൂപ വരെ താഴ്ന്നിരുന്നു. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 2,979 രൂപയാണ് ഓഹരിയുടെ റെക്കാഡ് വില.