അമേരിക്കൻ പ്രവാസികൾക്ക് ആശ്വാസമായി നികുതി ബിൽ
പണമയക്കൽ നികുതി 3.5 ശതമാനമായി കുറച്ചേക്കും
കൊച്ചി: അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് പണമയക്കുമ്പോഴുള്ള നികുതി 3.5 ശതമാനമായിരിക്കുമെന്ന് യു.എസ് പ്രതിനിധി സഭ പാസാക്കിയ ബിഗ് ബ്യൂട്ടിഫുൾ നികുതി ബില്ലിൽ വ്യക്തമാക്കുന്നു. പുറത്തേക്കുള്ള പണമയക്കലിന് അഞ്ച് ശതമാനം നികുതി ഈടാക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഭീഷണി ചുമത്തിയിരുന്നത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ നികുതി ബാധകമാകുമെന്നും ബില്ലിൽ പറയുന്നു. അമേരിക്കയുടെ സാമ്പത്തിക മേഖലയെ സുസ്ഥിരതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
അമേരിക്കയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായ ഇന്ത്യയ്ക്കാർക്ക് പുതിയ മാറ്റം ഏറെ ആശ്വാസമാകും. നാട്ടിലെ കുടുംബത്തിന്റെ വീട്ടുചെലവുകൾക്കും വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങൾക്കുമായി പ്രതിവർഷം ലക്ഷക്കണക്കിന് ഡോളറാണ് അമേരിക്കൻ പ്രവാസികൾ ഇന്ത്യയിലേക്ക് ഓരോ വർഷവും അയക്കുന്നത്.