തുഷാർ വെള്ളാപ്പള്ളിക്കായി രാജരാജേശ്വര ക്ഷേത്രത്തിൽ സ്വർണ്ണക്കുടം നേർച്ച

Monday 09 September 2019 11:15 PM IST

കാഞ്ഞങ്ങാട്: ചെക്ക് കേസിൽ ഗൾഫ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ട ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി സ്വർണ്ണക്കുടം വച്ച് നേർച്ച. സി.കെ.പി ട്രേഡ്ലിങ്ക്‌സ് എം.ഡി നീലേശ്വരത്തെ സി.കെ.പത്മനാഭൻ നമ്പ്യാരാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നേർച്ചയ്‌ക്ക് ഏർപ്പാട് ചയ്തത്.

തുഷാറിന്റെ ജന്മനക്ഷത്രമായ ഉതൃട്ടാതി ഒത്തു വരുന്ന 15 നാണ് ക്ഷേത്രത്തിൽ സ്വർണ്ണക്കുടം വച്ചുള്ള പൂജ . പ്രസാദം അദ്ദേഹത്തിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിക്കുമെന്നും പത്മനാഭൻ നമ്പ്യാർ കേരളകൗമുദിയോടു പറഞ്ഞു.

പ്രവാസിയായ പത്മനാഭൻ നമ്പ്യാരെ തുഷാറിനെ അടച്ച യു.എ.ഇയിലെ അതേ ജയിലിൽ അടച്ചിരുന്നു. നിരപരാധിയാണെന്ന കണ്ട് വെറുതെ വിടുകയായിരുന്നു. തുഷാറിന്റെ കാര്യത്തിലും അത് പോലെ സംഭവിച്ചതാണ് അദ്ദേഹത്തിനു വേണ്ടി വിശേഷാൽ പൂജ നടത്താൻ പ്രേരണയായത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വേണ്ടി പത്മനാഭൻ നമ്പ്യാർ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും പ്രസാദം വീടുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതിയിലോടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരാണ് സി.കെ.പി ട്രേഡ് ലിങ്ക്‌സ്.