കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണം: ഗവർണർ

Saturday 24 May 2025 12:00 AM IST

കൊച്ചി: സംസ്ഥാനത്തെയും രാജ്യത്തെയും നീതിന്യായ സംവിധാനങ്ങളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ഗവ. ലാ കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് മനസിലാകുന്ന തരത്തിലേക്ക് നിയമസംവിധാനങ്ങളുടെ ഇടപെടലുകൾ മാറണം.

ലാ കോളേജ് പ്രിൻസിപ്പൽ ബിന്ദു എം. നമ്പ്യാർ അദ്ധ്യക്ഷയായി.ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ എം. ജാംദാർ പ്രത്യേക അഭിസംബോധന നടത്തി. നിയമങ്ങൾ വെല്ലുവിളികൾ നേരിടുമ്പോഴെല്ലാം അഭിഭാഷകർക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

ഹൈക്കോടതി ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ്, ശോഭ അന്നമ്മ ഈപ്പൻ, എം.എ. അബ്ദുൾ ഹക്കീം, വി.എം. ശ്യാംകുമാർ, ഹരിശങ്കർ വി. മേനോൻ, എസ്. ഈശ്വരൻ, എം.ബി. സ്‌നേഹലത, സി.കെ. അബ്ദുൾ റഹീം എന്നിവരെയും ഈ വർഷം വിരമിക്കുന്ന ലാ കോളേജ് പ്രിൻസിപ്പാൾ ബിന്ദു എം. നമ്പ്യാരെയും ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചു.