ആര്‍സിബിയെ സൈഡാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; 42 റണ്‍സ് ജയം

Friday 23 May 2025 11:46 PM IST

ലക്‌നൗ: ടോപ് ടു ഫിനിഷ് ലക്ഷ്യമിടുന്ന ആര്‍സിബിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയുടെ മറുപടി 19.5 ഓവറില്‍ 189 റണ്‍സില്‍ അവസാനിച്ചു. ഒരുഘട്ടത്തില്‍ 173ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് ആര്‍സിബി തകര്‍ന്നടിഞ്ഞത്. വെറും 16 റണ്‍സെടുക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍സിബിയുടെ ലീഗിലെ അവസാന മത്സരം.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 62(32), വിരാട് കൊഹ്ലി 43(25) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഏഴ് ഓവറില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മായങ്ക് അഗര്‍വാള്‍ 11(10), രജത് പാട്ടിദാര്‍ 18(16) ജിതേഷ് ശര്‍മ്മ 24(15) റണ്‍സ് വീതം നേടി. 173ന് മൂന്ന് എന്ന നിലയില്‍ നിന്ന് ഒരു റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. വമ്പനടിക്കാരന്‍ റൊമാരിയോ ഷെപ്പേഡ് 0(1) ഗോള്‍ഡന്‍ ഡക്കായി. 18ാം ഓവറില്‍ ടിം ഡേവിഡ് 1(5) പുറത്തായതോടെ ആര്‍സിബിയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ 3(2), ക്രുണാല്‍ പാണ്ഡ്യ 8(9), യാഷ് ദയാല്‍ 3(6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. എസ്ആര്‍എച്ചിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എഹ്‌സാന്‍ മലിംഗ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജയദേവ് ഉനദ്കട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദൂബെ, നിധീഷ്‌കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ 94*(48) ബലത്തില്‍ 231ന് ആറ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 34(17), ട്രാവിസ് ഹെഡ് 17(10) എന്നിവര്‍ മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 4 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ മിന്നും ഫോമിലായിരുന്നു. ഏഴ് ഫോറും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു മുന്‍ മുംബയ് താരത്തിന്റെ പ്രകടനം.

ഹെയ്ന്റിച്ച് ക്ലാസന്‍ 24(13), അനികേത് വര്‍മ്മ 26(9) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. നിധീഷ് കുമാര്‍ റെഡ്ഡി 4(7), അഭിനവ് മനോഹര്‍ 12(11) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 13*(6) റണ്‍സ് നേടി പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി റോമാരിയോ ഷെപ്പേഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എംഗിഡി, സുയാഷ് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.