പെരുമഴ; ഇന്ന് ഓറഞ്ച് അലേർട്ട്

Saturday 24 May 2025 12:46 AM IST
കോഴിക്കോട് രാജാജി റോഡിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും നിരവധി വാഹനങ്ങളാണ് നിരത്തിലുള്ളത്.

കോഴിക്കോട്: ശക്തമായ മഴയിൽ കുതിർന്ന് ജില്ല. മലയോര മേഖല ഉൾപ്പെടെ ജില്ലയിലെ പല ഭാഗത്തും ഇന്നലെ ഇടവിട്ട് ശക്തമായ മഴയുണ്ടായിരുന്നു. നഗരത്തിലും ഇന്നലെ രാവിലെ മുതൽ തന്നെ മഴ ശക്തമായി. ഓറഞ്ച് അലർട്ടായിരുന്ന ജില്ലയിൽ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടവിട്ട് മഴ ശക്തമായി. രാത്രിയിലും പെരുമഴ

തുടർന്നു. തീരമേഖലയിൽ പലയിടത്തും തിരമാലകൾ ശക്തമായിരുന്നു.കോഴിക്കോടിന് പുറമേ വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡിൽ വെള്ളക്കെട്ട‌ായതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്നു ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജില്ലയിൽ പെയ്തിറങ്ങിയത്

24 മണിക്കൂറിനിടെ ജില്ലയിൽ ശരാശരി 349.2 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കോഴിക്കോട് സിറ്റിയിൽ ഇത് 24.2 മില്ലീമീറ്ററും വടകരയിൽ 32.0 മില്ലീ മീറ്ററും കൊയിലാണ്ടിയിൽ 7.0 മില്ലീ മീറ്ററും, കുന്ദമംഗലത്ത് 6.5 മില്ലീമീറ്ററുമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജാഗ്രത വേണം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്

തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.

ജലാശയങ്ങൾക്ക് മുകളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല

അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.

 ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും താത്കാലിക നിരോധനം ഏർപ്പെടുത്തി കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താത്ക്കാലികമായി വിലക്കി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.