ദേശീയപാത വൈകാൻ അനുവദിക്കില്ല: എം.വിഗോവിന്ദൻ
തിരുവനന്തപുരം: കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി എന്നതിന്റെ പേരിൽ റോഡ് വികസനം വൈകാനോ മുടങ്ങാനോ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'പൊളിഞ്ഞല്ലോ' എന്ന ആഹ്ലാദമാണ് ഇപ്പോൾ യു.ഡി.എഫുകാർക്ക് . റോഡ് എങ്ങനെയെങ്കിലും പൊളിയണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചു മുന്നോട്ടു വന്നപ്പോൾ ഇവർക്കൊന്നും മിണ്ടാട്ടമില്ലാതായെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിർമ്മാണത്തിലുണ്ടായ ചില പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ തലയിൽ വച്ചുകെട്ടാനാണ് ആദ്യം ശ്രമങ്ങൾ നടന്നത്. നിർമ്മാണത്തിൽ ചില പ്രശ്നങ്ങളുണ്ടായി എന്നത് സത്യമാണ്. ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാരുടെ ഭാഗമായുള്ള എൻ.എച്ച്.എ.ഐക്കാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം എന്ന് വ്യക്തമായി. ഇതോടെ സംസ്ഥാന സർക്കാറിനെ ഇതിൽ എങ്ങനെ ഉൾപ്പെടുത്താമെന്ന പരിശ്രമമാണ് നടക്കുന്നത്. ഇതിനിടെ ഭീമമായ തുക ഇലക്ട്രൽ ബോണ്ടായി ബി.ജെ.പിക്ക് നൽകിയ കമ്പനികൾക്ക് കരാർ ലഭിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. കമ്പനിയുടെ സുതാര്യത പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.