ദളിത് യുവതിക്ക് പീഡനം: വിശദ അന്വേഷണം തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി കസ്റ്റഡി പീഡനത്തിനിരയായ സംഭവത്തിൽ, പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ തിങ്കളാഴ്ച അന്വേഷണണമാരംഭിക്കും. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ് പ്രകാരമാണ് ജില്ലയ്ക്ക് പുറത്തെ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറിയത്. മാലമോഷണക്കുറ്റം ആരോപിച്ചാണ് നിരപരാധിയായ ആർ.ബിന്ദുവിനെ (39) കസ്റ്റഡിയിലെടുത്തത്.
പേരൂർക്കട സ്റ്റേഷനിൽ നിന്ന് ഫയലുകളും രേഖകളും ബിന്ദുവിനെതിരായ പരാതികളും ഡിവൈ.എസ്.പി ശേഖരിക്കും. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കും. തുടർന്ന് ബിന്ദുവിന്റെ മൊഴിയെടുക്കും. ദൃശ്യങ്ങളുടെയും ശബ്ദരേഖയുടെയും ശാസ്ത്രീയ പരിശോധനയും നടത്തും. ജൂൺ 25നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ദക്ഷിണമേഖലാ ഐ.ജി എസ്.ശ്യാംസുന്ദറിന്റെ നിർദ്ദേശം.
ബിന്ദുവിനെതിരെ വ്യാജ മോഷണ പരാതിയുണ്ടാവാനുള്ള സാഹചര്യം, നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവ അന്വേഷിക്കും. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ എസ്.ഐ എസ്.ജി.പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു പൊലീസുകാരൻ തന്നെ അസഭ്യം പറയുകയും അടിക്കാൻ കൈയോങ്ങുകയും ചെയ്തതായി ബിന്ദു പറഞ്ഞിരുന്നു. ഇക്കാര്യവും അന്വേഷിക്കും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ.