വാഗ്ദാനങ്ങൾ പൂർത്തീകരിച്ച സർക്കാർ
തിരുവനന്തപുരം: പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന് അവ പൂർത്തീകരിച്ച് തെളിയിച്ച സർക്കാരാണിതെന്ന് മന്ത്രി കെ.രാജൻ. എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, കൊവിഡ് എന്നിവ അടക്കമുള്ള ദുരിതകാലത്ത് പോലും മെച്ചപ്പെട്ട രീതിയിലുള്ള ഭരണമാണ് സംസ്ഥാനത്തുണ്ടായത്. എന്നിട്ടും കേന്ദ്ര ഏജൻസികളെയും ഗവർണറെയും ഉപയോഗിച്ച് കഴുത്ത് ഞെരുക്കാനാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചത്. കേന്ദ്ര ഏജൻസികൾ ഇക്കാലമത്രയും കിണഞ്ഞു നോക്കിയിട്ടും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തൊടാൻ പറ്റിയിട്ടില്ല. അത്രത്തോളം സംശുദ്ധത നിലനിറുത്താൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഫണ്ടുകൾ വെട്ടിച്ചുരുക്കിയുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളും സംസ്ഥാന സർക്കാരിനെയാണ് ലക്ഷ്യമാക്കിയിരുന്നത്. ഇതെല്ലാമുണ്ടായിട്ടും നേട്ടങ്ങളുടെ കുതിച്ചുചാട്ടമാണ് പിണറായി സർക്കാരിന്റെ നേതൃത്വത്തിലുണ്ടായത്. ഇത് എല്ലാവിഭാഗം ജനങ്ങളിലും എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുനീങ്ങുകയാണെന്നും നവംബർ ഒന്നിന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി രാജൻ പറഞ്ഞു.