കുഞ്ഞിനെ പുഴയിലെറിഞ്ഞ സംഭവം: മകളെ അകറ്റിയതിന്റെ മനോവിഷമത്തിലെന്ന് അമ്മ

Saturday 24 May 2025 2:49 AM IST

നെടുമ്പാശേരി: ഭർതൃവീട്ടുകാർ മകളെ തന്നിൽ നിന്നകറ്റിയതിന്റെ മനോവിഷമത്തിലും ദേഷ്യത്തിലുമാണ് നാലരവയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്നതെന്ന് മാതാവ്. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ചെങ്ങമനാട് സി.ഐ സോണി മത്തായി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലി​ലാണ് വെളി​പ്പെടുത്തൽ.

ആദ്യം ആലുവ മണപ്പുറത്തെത്തി പെരിയാറിൽ മകളെ മുക്കിക്കൊല്ലാനാണ് ഉദ്ദേശിച്ചത്. ആളുകളുണ്ടായതിനാൽ നടന്നില്ല. ഭർത്താവിനോടും കുടുംബത്തോടും തനിക്ക് സൗഹൃദമുണ്ടായിരുന്നില്ല. ഭർത്താവിനോടും ബന്ധുക്കളോടുമാണ് മക്കൾ അടുത്തിടപഴകിയിരുന്നത്. ഇളയമകൾക്ക് മാതൃസ്നേഹം പകരാൻ കഴിയാത്തതിന്റെ മനോവിഷമവും ദേഷ്യവും കൂടി​യതാണ് കടുംകൈ ചെയ്യാൻ കാരണം.

മൂഴിക്കുളം പാലത്തിൽ തെളിവെടുപ്പ്

അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച അമ്മയെ കുഞ്ഞി​നെ ചാലക്കുടി​ പുഴയിലെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ച് തെളിവെടുത്തു. തുണികൊണ്ട് മുഖം മറച്ചാണ് അമ്മയെ എത്തിച്ചത്. വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. നാട്ടുകാർ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു.

മൂഴിക്കുളത്ത് ബസിറങ്ങിയത് മുതൽ പാലത്തിലെത്തി കുഞ്ഞിനെ പുഴയിൽ എറിയുന്നതുവരെയുള്ള കാര്യങ്ങൾ യുവതി വിശദീകരിച്ചു. പാലത്തിന്റെ 40 മീറ്റർ വടക്ക് ആദ്യതൂണിനടുത്താണ് കുട്ടിയെ എറിഞ്ഞത്. സ്ഥലവും പൊലീസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. 10 മിനിറ്റ് പാലത്തിൽ ചെലവഴി​ച്ചാണ് മടങ്ങിയത്. ചോദ്യങ്ങൾക്ക് കൂസലില്ലാതെയായിരുന്നു മറുപടി. കുറുമശേരിയിലെ വീട്ടിലും ആലുവ മണപ്പുറത്തും തെളിവെടുപ്പ് നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് പ്രതിയെ ചെങ്ങമനാട് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. തെളിവെടുപ്പ് ഇന്ന് തുടരും.