ഗ്രീൻഫീൽഡിൽ സ‌ർവീസ് റോഡില്ല; അടിപ്പാതകൾ വരും

Saturday 24 May 2025 12:58 AM IST

മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ സർവീസ് റോഡ് അനുവദിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ദേശീയപാത അതോറിറ്റി. പാത കടന്നുപോവുന്ന ഇടങ്ങളിൽ ഉള്ളവർക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇത് പരിഗണിക്കുന്നില്ല. സർവീസ് റോഡിന് പകരം അടിപ്പാതകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. നിലവിലുള്ള റോഡുകളെ അടിപ്പാതകളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പ്രശ്ന പരിഹാരം സാദ്ധ്യമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അതിവേഗ ഇടനാഴി (ഹൈസ്പീഡ് കോറിഡോർ) ആയതിനാൽ സർവീസ് റോഡുകൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് ഹൈവേ അതോറിറ്റിയുടെ നിലപാട്. ഗതാഗത തടസ്സമില്ലാതെ അതിവേഗ യാത്രാ സൗകര്യം ഒരുക്കാനാണ് അധികൃതരുടെ ഈ നടപടി. 12 ഇടങ്ങളിൽ അടിപ്പാതകൾ വഴി പ്രവേശന റോഡുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് വെട്ടിച്ചുരുക്കേണ്ടി വരുമോ എന്ന ആലോചനയുമുണ്ട്.

ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റർ പാലക്കാടും 6.48 കിലോമീറ്റർ കോഴിക്കോട് ജില്ലയിലൂടെയാണ് കടന്നുപോവുന്നത്. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽ നിന്നാരംഭിച്ച് എൻ.എച്ച് 66ൽ കോഴിക്കോട് രാമനാട്ടുകര ജംഗ്ഷൻ വരെ 45 മീറ്റർ വീതിയിൽ നാല് വരികളിലായാണ് നിർമ്മാണം. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, തൂവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് ജില്ലയിൽ ഗ്രീൻഫീൽഡ് പാത കടന്നുപോവുന്നത്.

ജൂലായിൽ ടെൻഡർ വിളിക്കും

ഗ്രീൻഫീൽഡ് ദേശീയ പാത പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള ദൂരം 45 കിലോമീറ്റർ കുറയ്ക്കും. യാത്രാസമയം രണ്ട് മണിക്കൂറായി ചുരുങ്ങും. ജില്ലയിലെ ഗതാഗത സൗകര്യത്തെ അടിമുടി മാറ്റാൻ പുതിയ പാതയ്ക്കാവും. അതേസമയം ടെൻഡർ നടപടികൾ നീളുന്നതാണ് പ്രധാന തടസ്സം. ജൂലായിൽ നിർമ്മാണ പ്രവൃത്തി ടെൻഡർ ചെയ്യാനാണ് നിലവിലെ തീരുമാനം. ഭൂമിയേറ്റെടുക്കൽ പൂർത്തിയാവാൻ നേരിട്ട കാലതാമസവും നിയമപ്രശ്നങ്ങളുമാണ് ഇതിനു കാരണം.