ദേശീയപാത: തുടർ നിർമ്മാണത്തിന് ആക്ഷൻ പ്ലാൻ
അടിയന്തര യോഗം വിളിച്ച് ഗഡ്കരി കൂരിയാട് ഭാഗത്ത് വയഡക്ട് മേൽപ്പാത
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66ലെ തുടർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വകുപ്പിനും ദേശീയപാത അതോറിട്ടിക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയതായാണ് വിവരം. അതേസമയം, ദേശീയപാതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി അടിയന്തരയോഗം വിളിച്ചു. ഉദ്യോഗസ്ഥരും വിദഗ്ദ്ധരും പങ്കെടുക്കും.
മേൽപ്പാലവും സർവീസ് റോഡും തകർന്ന മലപ്പുറം കൂരിയാട് ഭാഗത്ത്, വയഡക്ട് മോഡൽ മേൽപ്പാത നിർമ്മിക്കണമെന്നാണ് ദേശീയപാത അതോറിട്ടി നിയോഗിച്ച വിദഗ്ദ്ധ സമിതി നിർദ്ദേശം. ഉപരിതല ഗതാഗതവകുപ്പാണ് അംഗീകാരം നൽകേണ്ടത്. നിരപ്പില്ലാത്ത സ്ഥലങ്ങളിൽ വലിയ തൂണുകളിൽ നിർമ്മിക്കുന്ന മേൽപ്പാലങ്ങളാണ് വയഡക്ടുകൾ. അതേസമയം, ഉപരിതല ഗതാഗതവകുപ്പിന്റെ വിദഗ്ദ്ധ സമിതിയും ഉടൻ ദേശീയപാത സന്ദർശിക്കും.
ചെലവ് അഞ്ചിരട്ടി
കൂരിയാട് ഭാഗത്ത് അഞ്ചുകിലോമീറ്റർ ദൂരത്തിലാണ് വയഡക്ട് മോഡൽ മേൽപ്പാത നിർമ്മിക്കേണ്ടത്. നിലവിൽ നിർമ്മിക്കുന്നതിനേക്കാൾ അഞ്ചിരിട്ടി ചെലവ് കൂടുതലാണിതിന്. അധിക ചെലവ് കരാർ കമ്പനിയായ കെ.എൻ.ആർ വഹിക്കേണ്ടിവരും. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും ഏറ്റെടുത്ത കരാറിൽ നിന്ന് കമ്പനിയെ ഒഴിവാക്കില്ല. മണ്ണുപരിശോധന ഉൾപ്പെടെ വീണ്ടും നടത്തിയ ശേഷമാകും നിർമ്മാണം ആരംഭിക്കുക. ഏഴുമാസത്തോളം സമയമെടുക്കും പൂർത്തിയാകാൻ.
മലപ്പുറത്തെ രണ്ടു റീച്ചും കെ.എൻ.ആറിന്
മലപ്പുറം എൻ.എച്ച് 66ന്റെ ആകെ ദൂരം 77.03 കി.മീറ്റർ
റീച്ച് 1രാമനാട്ടുകര- വളാഞ്ചേരി- 39.86 കി.മീറ്റർ- ചെലവ് 4,708.42 കോടി
റീച്ച് 2 വളാഞ്ചേരി- കാപ്പിരിക്കാട്- 37.35 കി.മീറ്റർ- ചെലവ് 3,790.17 കോടി