തകർച്ച, വിള്ളൽ : എൻ.എച്ച് 66 നിർമ്മാണം ഇക്കൊല്ലം പൂർത്തിയാകില്ല

Saturday 24 May 2025 12:06 AM IST

തിരുവനന്തപുരം: നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമുണ്ടാകുന്ന തകർച്ചയും വിള്ളലുകളും കൂടിയായതോടെ ദേശീയപാത 66 ഡിസംബറിനു മുമ്പ് മുഴുവനും പൂർത്തിയാക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ ദേശീയപാത അതോറിട്ടി. നേരത്തെ പൂർത്തിയായ ആറ് റീച്ചുകൾക്കു പുറമെ മേയിൽ നാലു റീച്ചുകൾ കൂടി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വടക്കൻ ജില്ലയിലെ ഈ റീച്ചുകളിൽ 90 ശതമാനത്തിൽ കൂടുതൽ പൂർത്തിയായപ്പോഴാണ് മഴയത്ത് പലയിടത്തും ഇടിഞ്ഞത്.

കഴിഞ്ഞ ദിവസം തകർന്ന മലപ്പുറം കൂരിയാട് ഭാഗം രാമനാട്ടുകര- വളാഞ്ചേരി റീച്ചിലുൾപ്പെട്ടതാണ്. ഇവിടെ നിർമ്മാണം 95% പൂർത്തിയായിരുന്നു. ഈ മാസാവസാനമോ അടുത്തമാസം ആദ്യമോ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തകർന്നത്. ഇവിടെ പ്രധാന റോഡും സർവീസ് റോഡും കിലോമീറ്ററുകളോളം വീണ്ടും പണിയേണ്ടി വരും. മഴക്കാലമെത്തുന്നതിനാൽ പുനർനിർമ്മാണം തുടങ്ങാൻ വൈകും. മണ്ണ് പരിശോധന അടക്കം നടത്തേണ്ടിവരും.

ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ മുക്കോല- കഴക്കൂട്ടം, മുക്കോല- കാരോട് റീച്ചുകളിൽ പിന്നീട് ഉൾപ്പെടുത്തിയ ഫ്ലൈഓവറുകളുടേയും പാലങ്ങളുടേയും നിർമ്മാണം പകുതി പോലുമായിട്ടുമില്ല.

നിർമ്മാണം പൂർത്തിയായ റീച്ചുകൾ

1.പള്ളിക്കര- നീലേശ്വരം

2.തലശേരി- മാഹി

3.പാലോളി പാലം- മൂരാട്

4.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ

5.മുക്കോല- കഴക്കൂട്ടം

6.മുക്കോല- കാരോട്

ഏപ്രിൽ-മേയിൽ പൂർത്തിയാക്കാൻ

ലക്ഷ്യമിട്ടത്, പൂർത്തിയായത്

തലപ്പാടി- ചെങ്കള - 90%

കോഴിക്കോട് ബൈപ്പാസ് 90%

രാമനാട്ടുകര- വളാഞ്ചേരി 95%

വളാഞ്ചേരി- കാപ്പിരിക്കാട് 96%

മറ്റ് റീച്ചുകളുടെ

നിർമ്മാണ പുരോഗതി

1.ചെങ്കള- നീലേശ്വരം-------- 75%

2.നീലേശ്വരം- തളിപ്പറമ്പ്------ 78%

3.തളിപ്പറമ്പ്- മുഴിപ്പിലങ്ങാട്---- 75%

4.അഴിയൂർ-വെങ്കളം-------------- 65%

5.കാപ്പിരിക്കാട്- തളിക്കുളം ------75%

6.തളിക്കുളം-കൊടുങ്ങല്ലൂർ------ 65%

7.കൊടുങ്ങല്ലൂർ-ഇടപ്പള്ളി --------60%

8.തുറവൂർ-പറവൂർ ----------------38%

9.പറവൂർ-കൊറ്റംകുളങ്ങര ----- 60%

10കൊറ്റംകുളങ്ങര-കൊല്ലം------ 68%

11.കൊല്ലം-കടമ്പാട്ടുകോണം--- 72%

12.കടമ്പാട്ടുകോണം-കഴക്കൂട്ടം--- 45%

13.അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ----- 55%

''ദേശീയപാത ഇടിഞ്ഞു താഴ്ന്ന ഭാഗത്തെല്ലാം റോഡ് മുഴുവൻ പൊളിച്ച് ശരിയായ രീതിയിൽ നിർമ്മിക്കുക മാത്രമാണ് പരിഹാരം

-ബി.വിൻസെന്റ്, മുൻ ഡെപ്യൂട്ടി

എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്