13000ത്തിലേക്ക് അതിവേഗ 'റൂട്ട് ' വെട്ടി ജോ
നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികച്ച് ഇംഗ്ളീഷ് ബാറ്റർ ജോ റൂട്ട്. നോട്ടിംഗ്ഹാമിൽ സിംബാബ്‌വെയ്‌ക്കെതിരായ ചതുർദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ അവസാന സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. റൂട്ടിന്റെ 153-ാം ടെസ്റ്റാണിത്. വ്യക്തിഗത സ്കോർ 28ലെത്തിയപ്പോഴാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. 34 റൺസെടുത്ത് റൂട്ട് പുറത്താവുകയും ചെയ്തു.
159 ടെസ്റ്റുകളിൽനിന്ന് 13,000 തികച്ച മുൻ ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ജാക് കാലിസിന്റെ റെക്കാഡാണ് റൂട്ട് മറികടന്നത്.
160 മത്സരങ്ങളിൽ 13,000 കടന്ന രാഹുൽ ദ്രാവിഡാണ് ഇന്ത്യക്കാരിൽ മുമ്പൻ. റിക്കി പോണ്ടിംഗ് (162), സച്ചിൻ ടെൻഡുൽക്കർ (163) തുടങ്ങിയവർ പിറകിലുണ്ട്.
266 ഇന്നിംഗിസിൽ ഈ നേട്ടം കടന്ന സച്ചിനാണ് ഇന്നിംഗ്സ് കണക്കിൽ ഒന്നാമത്. കാലിസ് 269 ഇന്നിംഗ്സും ജോ റൂട്ട് 279 ഇന്നിംഗ്സുമെടുത്തു.
13,000 റൺസ് ടെസ്റ്റിൽ പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെ താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് റൂട്ട്.
2012 ഡിസംബർ 13-ന് നാഗ്പുരിൽ ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം.