ഞാങ്കടവ് കുടിവെള്ള പദ്ധതി: മൂന്നരവർഷമായി മുടങ്ങിക്കിടന്ന പൈപ്പിടൽ പുനരാരംഭിച്ചു

Saturday 24 May 2025 1:23 AM IST
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പുനരാരംഭിച്ചപ്പോൾ

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കഴിഞ്ഞ മൂന്നര വർഷമായി മുടങ്ങിക്കിടന്ന പൈപ്പിടൽ പുനരാരംഭിച്ചു. കുണ്ടറ നാന്തിരിക്കൽ മുതൽ ഇളമ്പള്ളൂർ സബ് സ്റ്റേഷൻ വരെ 2600 മീറ്റർ നീളത്തിലാണ് പൈപ്പിടുന്നത്.

ഞാങ്കടവിലെ കൂറ്റൻ കിണറ്റിൽ നിന്ന് വസൂരിച്ചിറയിലെ സംസ്കരണ പ്ലാന്റിലേക്കുള്ളതാണ് പൈപ്പ് ലൈൻ ശൃംഖല. ഇതിൽ ഞാങ്കടവിൽ നിന്ന് ഇളമ്പള്ളൂരിന് സമീപം വരെയും വസൂരിച്ചിറയിൽ നിന്ന് നാന്തിരിക്കൽ വരെയുമുള്ള പൈപ്പിടൽ മൂന്നരവർഷം മുമ്പ് പൂർത്തിയായിരുന്നു. ഈ പൈപ്പ് ലൈനുകൾ കൂട്ടിമുട്ടിക്കാൻ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഓരത്തൂടെയും, മറിച്ചും ഒരുകിലോമീറ്റർ പൈപ്പിടണമായിരുന്നു. എന്നാൽ ഇതിനുള്ള അനുമതി മൂന്നരവർഷം മുമ്പ് ഉപരിതല ഗതാഗത മന്ത്രാലയം നിഷേധിക്കുകയായിരുന്നു. പിന്നീട് പലതവണ അപേക്ഷ നൽകിയിട്ടും അനുമതി നൽകിയില്ല. ഇതിനിടയിൽ കളക്ടറുടെ ശക്തമായ ഇടപെടലിൽ കഴിഞ്ഞമാസം 28ന് 170 മീറ്റർ നീളത്തിൽ മാത്രം ദേശീയപാത മുറിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകുകയായിരുന്നു.

പൈപ്പ്ലൈൻ സ്ഥാപിക്കൽ ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ സബീർ.എ.റഹീം, പ്രോജക്ട് ഡിവിഷൻ എക്സി. എൻജിനിയർ രാജേഷ് ഉണ്ണിത്താൻ, അസി. എക്സി. എൻജിനിയർ നാരായണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു കിലോമീറ്ററിന് പകരം

2.6 കിലോമീറ്റർ

ദേശീയപാത മുറിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിൽ ഇളമ്പള്ളൂരിനും നാന്തിരിക്കലിനും ഇടയിൽ ഒരു കിലോമീറ്റർ മാത്രം പൈപ്പിട്ടാൽ ശൃംഖല കൂട്ടിമുട്ടുമായിരുന്നു. അനുമതി 170 മീറ്റിൽ മാത്രം ചുരുക്കിയതോടെ ഇടറോഡ് വഴി 2.6 കിലോമീറ്റർ നീളത്തിൽ പൈപ്പിട്ടാണ് പരസ്പരം ബന്ധിപ്പിക്കുന്നത്.

ദേശീയപാതയിൽ പൈപ്പിടൽ ആദ്യം

 1219 എം.എം വ്യാസമുള്ള എം.എസ് പൈപ്പ്  ജൂൺ 10ന് മുമ്പ് പൂർത്തിയാക്കും

 ബാക്കി 3 മാസത്തിനകം

ദേശീയപാതയിലൂടെ

170 മീറ്റർ

ഇടറോഡിലൂടെ

2430 മീറ്റർ

പദ്ധതിയുടെ ഭാഗമായ വലിയ പമ്പ് സെറ്റ്, സബ് സ്റ്റേഷൻ എന്നിവയ്ക്കുള്ള 52 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഞാങ്കടവ് കുടിവെള്ള പദ്ധതി അധികൃതർ