റോഡിൽ മരം വീണ് ഗതാഗത തടസപ്പെട്ടു
പുനലൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ ഇടമൺ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. മരം വീണ് ഉണ്ടാകാവുന്ന അപകടത്തിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ആണ് മരങ്ങൾ ഒടിഞ്ഞു ദേശീയപാതയിലേക്ക് പതിച്ചത്.
ഇടമൺ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന് സമീപം കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് പാതയിലും തൊട്ടടുത്ത പുരയിടത്തിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗത്ത് വൈദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട്. ഇടമൺ കമ്പനിക്കട ഭാഗത്ത് വലിയ മരം ഒടിഞ്ഞു പാതയിലും എതിർവശമുള്ള വീടിന്റെ മുകളിലുമായി വീണു. മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇവിടെയും ഏറെ സമയം ഗതാഗതം മുടങ്ങി. പുനലൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെ മരം വിണ സമയത്ത് പാതയിലുടെ പോയ ബൈക്ക് യാത്രക്കാരൻ ഭാഗ്യത്തിന് രക്ഷപ്പെട്ടു.