കെഎസ്ആർടിസിയിൽ മദ്യപാന പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ എത്തിയത് മദ്യപിച്ച്; ഡിപ്പോയിൽ നിന്ന് ഓടി, സസ്‌പെൻഷൻ

Saturday 24 May 2025 12:01 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പ്രത്യേക പരിശോധന സംഘത്തെ കണ്ട് മുങ്ങിയ ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്‌പെക്ടർ എംഎസ് മനോജിനെയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. ഈ മാസം രണ്ടിന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷൻ.

അന്ന് യൂണിറ്റിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തേണ്ടത് മനോജായിരുന്നു. എന്നാൽ മനോജ് രാവിലെ അഞ്ച് മണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോൾ പ്രത്യേക പരിശോധനാ സംഘം ഡിപ്പോയിലുണ്ടായിരുന്നു. മനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ഡ്യൂട്ടി സ്‌റ്റേഷൻ മാസ്റ്റർ അദ്ദേഹത്തെ പരിശോധിക്കാൻ ആവശ്യപ്പെട്ടു. പരിശോധനാ സംഘത്തെ കണ്ട മനോജ് അറിയിപ്പോ അനുമതിയോ ഇല്ലാതെ പുറത്തേക്ക് പോയി.

ഈ വിഷയം വിജിലൻസ് വിഭാഗം അന്വേഷിക്കുകയും ചെയ്തു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനോജിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മനോജിനെ ഈമാസം 20ന് ആണ് സസ്‌പെൻഡ് ചെയ്തത്.