ഓക്സിജൻ സിലിണ്ടറിന്റെ ഫ്‌ളോമീറ്റർ ഇളകിത്തെറിച്ചത്; അനസ്‌തേഷ്യ ടെക്നീഷ്യന്റെ പരിക്ക് ഗുരുതരമല്ല

Saturday 24 May 2025 2:32 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന 21 വയസ്സുള്ള ഒരു അനസ്‌തേഷ്യ ടെക്നീഷ്യന്റെ തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ഓക്സിജൻ സിലിണ്ടറിന്റെ ഫ്‌ളോമീറ്റർ ഇളകിത്തെറിച്ചാണ് നെറ്റിയിൽ പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അനസ്‌തേഷ്യ ടെക്‌നോളജി ട്രയിനിയായ അഭിഷേകിനാണ് (21) പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി എംഡിഐസിയുവിൽ വച്ചാണ് വാൽവ് തെറിച്ച് അഭിഷേകിന്റെ നെറ്റിയിൽ പതിച്ചത്. തുടർന്ന് അഭിഷേകിനെ സ്‌കാനിംഗ് പരിശോധനയ്ക്കു ശേഷം പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തുകയും മുറിവ് മരുന്നുവച്ച് ഹോസ്റ്റലിലേക്ക് വിടുകയും ചെയ്തു. ഹോസ്റ്റലിൽ വിശ്രമത്തിനിടെ അപസ്മാരം പോലുള്ള ലക്ഷണങ്ങളുമായി വീണ്ടും വന്നതിനാൽ എംഡിഐസിയുവിൽ അഡ്മിറ്റ് ചെയ്തിരുന്നു. വിശദമായ പരിശോധനയിൽ മറ്റു രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും കണ്ടെത്തി.

ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ടെക്നീഷ്യൻ അത് ശരിയായി നീക്കം ചെയ്യാത്തതിനെ തുടർന്നുണ്ടായ അപകടമാണെന്നും മെഡിക്കൽ കോളേജിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.