അച്ഛന്റെ  ക്രൂര  മർദ്ദനത്തിന്  ഇരയായ  കുട്ടികളെ  സർക്കാർ  ഏറ്റെടുക്കും, അച്ഛൻ അറസ്റ്റിൽ

Saturday 24 May 2025 4:36 PM IST

കണ്ണൂർ: ചെറുപുഴയിൽ കുട്ടികളെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റിൽ. മർദ്ദനമേറ്റ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്രെടുക്കും. കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കുമെന്നും സർക്കാർ അറിയിച്ചു. സർക്കാർ ഇടപെടലിനെ തുടർന്ന് ശിശുക്ഷേമ സമിതിയാണ് കുട്ടികളെ ഏറ്റെടുക്കുക. മന്ത്റി വീണാ ജോർജിന്റെ നടപടിയിലാണ് തീരുമാനം. പയ്യന്നൂർ എംഎൽഎ ടിഎ മധുസൂദനനും സംഭവത്തിൽ ഇടപെടുകയുണ്ടായി. കേസിൽ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കുട്ടികളെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ട് വന്ന്, പൊലീസ് നടപടികൾ പൂർത്തിയായ ഉടൻ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമേ അമ്മയ്ക്ക് കുട്ടികളെ വിട്ടു നൽകുകയുള്ളുവെന്നാണ് ശിശുക്ഷേമ സമിതി ചെയർപേഴസൺ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കുട്ടികളെ മർദ്ദിക്കുന്നത് മുമ്പും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അമ്മയുടെ സഹോദരി അനിത പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ അമ്മ ജോലിക്ക് പോകുന്ന തക്കമാണ് അച്ഛൻ ഇവരെ കൂട്ടിക്കൊണ്ട് പോകുന്നതെന്നും കുട്ടികളെ കൂടാതെ അമ്മയെയും ഇയാൾ പൊതിരെ മർദ്ദിക്കാറുണ്ടെന്നും, കുട്ടികളെ ഉറങ്ങാനോ പഠിക്കാനോ അനുവദിക്കാറില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. ഇതിനെത്തുടർന്നാണ് കുട്ടികളുടെ സംരക്ഷണം മുൻനിർത്തി ശിശുക്ഷേമ സമിതി നടപടി സ്വീകരിച്ചത്.