കേരള തീരത്ത് അപകടകരമായ വസ്തുക്കളുമായി കാർഗോ കടലിൽ വീണു; 'കൈകൊണ്ട് തൊടരുത്, അടുത്തേക്ക് പോകരുത്' അതീവ ജാഗ്രതാ നിർദേശം

Saturday 24 May 2025 5:54 PM IST

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടകരമായ വസ്‌തുക്കളുള്ള കാർഗോ കടലിൽ വീണു. വളരെ അപകടകരമായ വസ്തുക്കൾ ആണെന്നും കാർഗോ കേരള തീരത്ത് അടിഞ്ഞാൽ തൊടരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി. കാർഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്.

മറൈൻ ഗ്യാസ് ഓയിലാണ് കാർഗോയിലുള്ളതെന്നും ഇത് കത്തിപ്പിടിക്കാൻ സാദ്ധ്യതയുള്ളതാണെന്നുമാണ് വിവരം. കോസ്റ്റ് ഗാർഡ് വിവരം നൽകിയതിനെത്തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. തീരത്ത് കണ്ടെയ്‌നറുകൾ കണ്ടാൽ പൊലീസിനെ അറിയിക്കുകയോ 112ൽ വിളിക്കുകയോ ചെയ്യണം. തീരത്ത് ക‌ർശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആറുമുതൽ എട്ട് കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ വീണതെന്നാണ് വിവരമെന്ന് സംസ്ഥാന ദുരന്ത നിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു.