പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമം: ഹർജികളിൽ ഇരയുടെ വാദം കേൾക്കണമെന്ന് ഹൈക്കോടതി

Tuesday 10 September 2019 12:37 AM IST

കൊച്ചി : പട്ടികജാതി - പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യഹർജിയുൾപ്പെടെ പരിഗണിക്കുമ്പോൾ ഇരയെയോ ബന്ധുവിനെയോ കക്ഷിയാക്കി വാദം കേൾക്കണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഇക്കാര്യം ഉറപ്പാക്കണം.

തൃപ്രയാർ - ചേർപ്പ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഗീത ഗോപി എം.എൽ.എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച കേസിൽ തൃശൂർ ചേർപ്പ് സ്വദേശി സി.കെ. വിനോദുൾപ്പെടെ 11 കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ക്രിമിനൽ അപ്പീൽ പരിഗണിക്കുമ്പോഴാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റാണ് സി.കെ. വിനോദ്. പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. പരാതിക്കാരിയായ ഗീത ഗോപി എം.എൽ.എയുടെ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി അപ്പീൽ ഹർജി 19 ലേക്ക് മാറ്റി.