കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതർ; കൊല്ലം, തിരുവനന്തപുരം തീരങ്ങളിലും ജാഗ്രതാ നിർദേശം

Saturday 24 May 2025 8:55 PM IST

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മെെൽ അകലെ അറബിക്കടലിൽ കപ്പൽ ചരിഞ്ഞ അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരെന്ന് വിവരം. ജീവനക്കാർ എല്ലാവരും വിദേശികളാണ്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ ഡ്രോണിയർ ഹെലികോപ്ടറും ഉൾപ്പടെ രക്ഷപ്രവർത്തനത്തിന് എത്തിയിരുന്നു.

വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തൂക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി 10നാണ് കപ്പൽ കൊച്ചിയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ കേരളാ തീരത്തിനടുത്ത് കടലിൽ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പൽ. മറെെൻ ഗ്യാസ് ഓയിൽ, വെരി ലോ സൾഫർ ഫ്യുവൽ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം.

ഒമ്പത് കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് വിവരം. ഇതിനെത്തുടർന്ന് തീരമേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊല്ലം, തിരുവനന്തപുരം തീരത്തും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ തൃശൂർ - കൊച്ചി - ആലപ്പുഴ തീരത്താണ് ജാഗ്രതാ നിർദേശം നൽകിയിരുന്നത്. കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.

കാർഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്. കോസ്റ്റ് ഗാർഡ് വിവരം നൽകിയതിനെത്തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. തീരത്ത് കണ്ടെയ്‌നറുകൾ കണ്ടാൽ പൊലീസിനെ അറിയിക്കുകയോ 112ൽ വിളിക്കുകയോ ചെയ്യണം. തീരത്ത് ക‌ർശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.