ഒടിഞ്ഞുവീണ മരത്തിനും വൈദ്യുതി പോസ്റ്റിനും ഇടയിൽ സി.ആർ.മഹേഷ് എം.എൽ.എയുടെ അത്ഭുത രക്ഷപ്പെടൽ
തഴവ: ശക്തമായ കാറ്റിൽ കടപുഴകിയ വലിയ ആഞ്ഞിലിമരത്തിനും ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനും ഇടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ. ഇന്നലെ വൈകിട്ട് 6ന് മണപ്പള്ളി തണ്ണീർക്കര ജംഗ്ഷനിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴായിരുന്നു അപകടം.
മണപ്പള്ളി തെക്ക് തണ്ണക്കര കിഴക്ക് തുരുത്തിക്കാട്ട് മുക്കിലാണ് ആഞ്ഞിലിമരം കടപുഴകി വൈദ്യുതി പോസ്റ്റുമായി റോഡിലേയ്ക്ക് വീണത്. ഇതിനിടയിൽ എം.എൽ.എയുടെ വാഹനങ്ങൾ അകപ്പെടുകയായിരുന്നു. കാറിനുള്ളിൽ എം.എൽ.എയും ഡ്രൈവറും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. വാഹനത്തിന് കേടുപാടുകളുമില്ല.
എം.എൽ.എ പങ്കെടുക്കുന്ന മെരിറ്റ് അവാർഡുദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ എം.എൽ.എയുടെ കാറിന് കൈ കാണിച്ച് കയറുകയായിരുന്നു. വൻ പൊട്ടിത്തെറിയോടെ വൈദ്യുതി ലൈനുകളിൽ തീ പടർന്ന് പോസ്റ്റ് ഒടിഞ്ഞുവീണതോടെ കൂട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ലൈൻ കമ്പികളിൽ വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, മരം മുറിച്ചുമാറ്റിയ ശേഷമാണ് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയത്.