'പി.എം-കിസാൻ' പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്

Sunday 25 May 2025 1:17 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 'പി.എം-കിസാൻ' പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്. കർഷകർക്കും ഭൂവുടമകൾക്കും വാട്‌സ്ആപ്പിലൂടെ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ആപ്ലിക്കേഷൻ ഫയലും അയച്ചാണ് തട്ടിപ്പ്. ധനസഹായം തുടർന്നും ലഭിക്കണമെങ്കിൽ ഫയൽ ഇൻസ്റ്റാൾ ചെയ്യാനാവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ആപ്പ് എസ്.എം.എസ് അനുമതി ആവശ്യപ്പെടും. അനുമതി നൽകിയാൽ എസ്.എം.എസ് നിരീക്ഷിക്കാനും ഒ.ടി.പി ചോർത്താനും തട്ടിപ്പുകാർക്കു കഴിയും. ഇതുവഴി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാവും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. വിശ്വാസയോഗ്യമായ സോഴ്‌സുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ. ഓൺലൈൻ തട്ടിപ്പുകൾ 1930 നമ്പരിലോ https://cybercrime.gov.in വെബ്സൈറ്രിലോ അറിയിക്കണം.