അർദ്ധരാത്രി മണൽ വഞ്ചി മുങ്ങി യുവാവ് മരിച്ചു: ഒരാളെ കാണാതായി

Sunday 25 May 2025 12:35 AM IST

കൊടുങ്ങല്ലൂർ :മണൽ കയറ്റി വന്ന വഞ്ചി കനത്ത മഴയിലും കാറ്റിലും മറിഞ്ഞ് യുവാവ് മരിച്ചു. ഒരാളെ കാണാതായി. മറ്റ് രണ്ട് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. അഴീക്കോട് പടന്ന പാലക്കപറമ്പിൽ സത്യന്റെ മകൻ സന്തോഷാണ് (38) മരിച്ചത്. മേനോൻ ബസാർ ഓട്ടനാറ്റ് പ്രദീപിനെയാണ് (52) കാണാതായത്. ശനിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അപകടം. ഇവർ മണൽ വാരി പടന്നയിലേക്ക് വരുന്നതിനിടയിൽ കോട്ടപ്പുറം കോട്ട കാഞ്ഞിരപ്പുഴയിൽ വെച്ച് കനത്ത മഴയിലും കാറ്റിലും വഞ്ചി മറിയുകയായിരുന്നു. രക്ഷപ്പെട്ടവർ കരയിലെത്തി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ മഴയും കാറ്റുമായതിനാൽ ആരെയും കണ്ടത്താനായില്ല.

രാവിലെ കൊടുങ്ങല്ലൂരിൽ നിന്നും ഫയർഫോഴ്‌സും പൊലീസും സ്‌കൂബയുമെത്തി നാട്ടുകാരോടൊപ്പം തെരച്ചിൽ നടത്തി പതിനൊന്നരയോടെ സന്തോഷിന്റെ മൃതദേഹം കണ്ടെടുത്തു. പ്രദീപിനായി വൈകിയും തെരച്ചിൽ തുടരുകയാണ്. സന്തോഷിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മാതാവ്: രതി. ഭാര്യ: അഞ്ജു. എട്ടും മൂന്നും വയസായ രണ്ട് കുട്ടികളുണ്ട്.