കെ.പി.നമ്പൂതിരീസ് നൂറാം വാർഷികം ആഘോഷിച്ചു

Sunday 25 May 2025 12:30 AM IST

തൃശൂർ: പ്രമുഖ ആയുർവേദ ഹെർബൽ ബ്രാൻഡായ കെ.പി.നമ്പൂതിരീസ് ആയുർവേദിക്‌സിന്റെ നൂറാം വാർഷികം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ ദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം എം.ഡി ഇ.ടി.നീലകണ്ഠൻ മൂസ്, മാദ്ധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, കൃഷ്ണൻ നമ്പൂതിരി എന്നിവർ വിശിഷ്ടാതിഥികളായി. കെ.പി.നമ്പൂതിരീസ് എം.ഡി കെ.ഭവദാസൻ അദ്ധ്യക്ഷത വഹിച്ചു.

വടക്കേക്കാട് ഗ്രാമത്തിൽ കെ.പി.നമ്പൂതിരീസ് ദന്തധാവന ചൂർണവുമായി 1925ൽ തുടങ്ങിയ ചെറിയ സംരംഭമാണ് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും പന്തലിച്ച് നിൽക്കുന്ന വ്യവസായമായി വികസിച്ചതെന്ന് ഭവദാസൻ പറഞ്ഞു. കൊളത്താപ്പള്ളി പോതായൻ നമ്പൂതിരി എന്ന കെ.പി.നമ്പൂതിരി ആരംഭിച്ച സംരംഭം പരിശുദ്ധി, ഗുണമേന്മ, വിശ്വാസം എന്നിവയിൽ വിട്ടുവീഴ്ച നടത്തിയിട്ടില്ല. സ്ഥാപകനായ കെ.പി.നമ്പൂതിരിയുടെ മകൻ കെ.രാമൻ നമ്പൂതിരി ഈ ബ്രാൻഡിന് ശക്തമായ അടിത്തറ പാകിയെന്ന് ചടങ്ങിൽ അനുസ്മരിച്ചു. പാരമ്പര്യവും നവീനതയും ചേർത്ത് ഹെർബൽ അടിസ്ഥാനത്തിലുള്ള പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് അടുത്ത ദൗത്യം.