യു.ജി.സി നിറുത്തിയ പ്രൈവറ്റ് രജിസ്ട്രേഷനുമായി കണ്ണൂർ സർവകലാശാല

Sunday 25 May 2025 12:00 AM IST

തിരുവനന്തപുരം: യു.ജി.സി രാജ്യത്താകെ നിറുത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമിറക്കി കണ്ണൂർ സർവകലാശാല. ബിരുദ കോഴ്സുകളാണ് പ്രൈവറ്റായി തുടങ്ങിയത്. യു.ജി.സി ചട്ടപ്രകാരം ബിരുദ കോഴ്സുകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ അംഗീകൃതമല്ല. പ്രൈവറ്റ് രജിസ്ട്രേഷൻ അംഗീകൃതമല്ലെന്ന് മറ്റൊരു കേസിൽ യു.ജി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതാണ്. യു.ജി.സി അംഗീകരിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്ന് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം പറഞ്ഞു.

വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാവശ്യമായ നാക് ഗ്രേഡ് സർവകലാശാലയ്ക്ക് ഉണ്ടായിരുന്നില്ല. പ്രൈവറ്റ് രജിസ്ട്രേഷനിൽ പഠിക്കുന്നവരുടെ സർട്ടിഫിക്കറ്റുകളുടെ സാധുതയും തുലാസിലാണ്. റഗുലർ വിദ്യാർത്ഥികൾക്ക് നൽകുന്ന അതേ സർട്ടിഫിക്കറ്രാണ് പ്രൈവറ്റ് രജിസ്ട്രേഷനുള്ളവർക്കും നൽകുക. കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്നില്ല. യു.ജി.സി ചട്ടത്തിന് വിരുദ്ധമായി കോഴ്സുകൾ നടത്തിയാൽ, നേരത്തേ അനുവദിച്ച 100 കോടിയുടെ റൂസ സഹായം നഷ്ടമാവാനും ഇടയുണ്ട്. 22ന് പുറത്തിറക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിജ്ഞാപനം റദ്ദാക്കണമെന്ന് യു.ജി.സി, ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് സെനറ്റേഴ്സ് ഫോറം പരാതി നൽകി.